തെലങ്കാനയിൽ തെരുവ് നായകളുടെ കൂട്ടക്കുരുതി തുടരുന്നു; പ്രതിഷേധിച്ച് മൃഗ സംരക്ഷണ പ്രവർത്തകർ

0
19

രണ്ട് മാസത്തിനിടെ ഏകദേശം 1,100 നായകളെ കൊന്നൊടുക്കിയതായെന്നാണ് കണക്ക്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രധാന വാഗ്‌ദാനമായിരുന്നു തെരുവ് നായ നിർമ്മാർജ്ജനം. ഇത് പാലിക്കാനാണ് കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്നും ആരോപണം.

ഹൈദരാബാദ്: തെലങ്കാനയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് തുടരുന്നു. രണ്ട് മാസത്തിനിടെ ഏകദേശം 1,100 നായകളെ കൊന്നൊടുക്കിയതായെന്നാണ് കണക്ക്. സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി മൃഗ സംരക്ഷണ പ്രവർത്തകർ.

2025 ഡിസംബറിൽ തെലങ്കാനയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രധാന വാഗ്‌ദാനമായിരുന്നു തെരുവ് നായ നിർമ്മാർജ്ജനം. ഇത് പാലിക്കാനാണ് തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്നാണ് മൃഗ സംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നത്. ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ 300 ഓളം തെരുവ് നായകളെ കൊന്നതിന് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

നാഗർകുർനൂൾ ജില്ലയിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ നിന്ന് നൂറോളം തെരുവ് നായകളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ക്രൂൽറ്റി പ്രിവൻഷൻ അസിസ്റ്റൻ്റ് മുടവത്ത് പ്രീതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സർപഞ്ചിൻ്റെ അധികാര പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നതെന്നും റിപ്പോർട്ടുണ്ട്.

ക്രൂൽറ്റി പ്രിവൻഷൻ അസിസ്റ്റൻ്റ് എന്ന നിലയിലാണ് പരാതി നൽകിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഏകദേശം 100 തെരുവ് നായകളെ വിഷം കുത്തിവച്ച് കൊന്നതായി വിവരം ലഭിച്ചു. തിമ്മൈപ്പള്ളി ഗ്രാമത്തിലെ സർപഞ്ചും പഞ്ചായത്ത് സെക്രട്ടറിയും ചേർന്നാണ് ഈ നടപടികൾ നടത്തിയതെന്നും പരാതിക്കാരി വ്യക്തമാക്കി.

മൃഗ സംരക്ഷണ പ്രവർത്തകനായ അടുക്കപുരം ഗൗതമും ഗ്രാമ സർപഞ്ചും തമ്മിലുള്ള റെക്കോർഡ് ചെയ്‌ത സംഭാഷണത്തിൽ, നായകളെ കൊന്നത് കുത്തിവയ്പ്പിലൂടെയാണെന്ന് സർപഞ്ച് സമ്മതിച്ചിട്ടുണ്ട്. നായകളെ കൊല്ലുന്നവരെ 18,000 രൂപയ്‌ക്ക് വാടകയ്‌ക്കെടുത്തതായും നാട്ടുകാർ ആരോപിച്ചു.

നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗ്രാമപഞ്ചായത്ത് പ്രവർത്തകനായ രവിയാണ് ശവശരീരങ്ങൾ നീക്കം ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നു. അടുക്കപുരം ഗൗതമും നായകളെ കൊല്ലാൻ കൂലിക്കെടുത്ത വ്യക്തി ഗോപിയും തമ്മിലുള്ള പ്രത്യേക സംഭാഷണത്തിൽ, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ നായകൾക്ക് വിഷം നൽകിയതായി ഗോപി പറയുന്നത് വ്യക്തമാണ്.

ചത്ത നായകളെ ഗ്രാമത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ സംസ്‌കരിച്ചതായി സർപഞ്ച് പറഞ്ഞു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതരായ വ്യക്തികൾക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്ന് മൃഗ സംരക്ഷണ പ്രവർത്തകർ ആവശ്യപ്പെട്ടു.

മൃഗാവകാശ പ്രവർത്തകനായ ഗൗതം സംഭവത്തെ അപലപിക്കുകയും കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഭാവിയിൽ ഇത്തരം ക്രൂരതകൾ തടയുന്നതിന് മൃഗസംരക്ഷണ നിയമങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here