ഏറെക്കുറെ എല്ലാവരിലും പ്രകടമാകുന്ന പ്രശ്‌നമാണ് കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇത് കാണാറുണ്ട്. ചുമ, തുമ്മൽ, ചർമ്മത്തിലെ പാടുകൾ, വരണ്ട ചർമ്മം, കഫക്കെട്ട്, ഒച്ചയടപ്പ്, മൂക്കടപ്പ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ നമ്മെ അലട്ടും. എന്നാൽ കൊച്ച് കുട്ടികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അവർക്ക് പറയാൻ സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ അമ്മമാർ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.
ശൈത്യം, വേനൽ, മഴക്കാലം എന്നിവ മാറിമാറി വരുമ്പോൾ കൊച്ചു കുട്ടികൾ വളരെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. അതിന് കാരണമാകട്ടെ മൂക്കൊലിപ്പ്, നേരിയ പനി, ചുമ എന്നിവയാകാം. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾക്ക് കാലാവസ്ഥാ മാറ്റങ്ങൾ ഒരു വെല്ലുവിളി തന്നെയാണ്.
“കാലാനുസൃതമായ മാറ്റങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജലദോഷത്തിനും അണുബാധയ്ക്കും സാധ്യത കൂടുതലാണ്. എന്നാൽ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന കാര്യമെന്ന് പറയുന്നത് കുഞ്ഞിൻ്റെ ശരീരം ഈ അണുബാധകളെ എത്രത്തോളം ചെറുക്കുന്നു എന്നതാണ്. ഇതിൽ ഭക്ഷണക്രമത്തിൻ്റെ പ്രധാന്യവും പലപ്പോഴും വിട്ടുകളയുന്നു. അതേസമയം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കും വേണ്ടി അവരുടെ വസ്ത്രങ്ങൾ, പുതപ്പുകൾ, മുറിയിലെ താപനില എന്നിവയെക്കുറിച്ച് വാചാലമായി ചിന്തിക്കുന്നു. എന്നാൽ ആ സമയത്തെ കുഞ്ഞിൻ്റെ ഭക്ഷണക്രമത്തെപ്പറ്റി ചിന്തിക്കാതെ പോകുന്നുവെന്ന്” പൂനെയിലെ ഖരഡിയിലുള്ള മദർഹുഡ് ആശുപത്രിയിലെ കൺസൾട്ടൻ്റ് നിയോനാറ്റോളജിസ്‌റ്റും പീഡിയാട്രീഷ്യനുമായ ഡോ. ജഗദീഷ് കത്‌വാട്ടെ പറയുന്നു.
ഇത് വിദേശ സൂപ്പർഫുഡുകളെക്കുറിച്ചോ സങ്കീർണമായ പാചകക്കുറിപ്പുകളെക്കുറിച്ചോ അല്ല വ്യക്തമാക്കുന്നത്. മറിച്ച് കുഞ്ഞിൻ്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ദൈനംദിന ഭക്ഷണ ക്രമങ്ങളെക്കുറിച്ചാണ്.
കാലാവസ്ഥാ വ്യതിയാനങ്ങൾ കുഞ്ഞുങ്ങളെ പെട്ടന്ന് ബാധിക്കുന്നത് എന്തുകൊണ്ട്?
കാലാവസ്ഥ മാറുന്നത് മൂലം ചില വൈറസുകൾ, ബാക്‌ടീരിയകൾ, അലർജികൾ എന്നിവ മുതിർന്നവരെ ബാധിക്കുന്നതുപോലെ തന്നെ കുഞ്ഞുങ്ങൾക്കും ബാധകമാണ്. എന്നാൽ ഇതിനെ നിസാരമെന്ന് കരുതി തള്ളിക്കളയരുത് എന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ പോഷകാഹാരത്തിന് കൂടുതൽ ശ്രദ്ധ നൽകണം.
“കുഞ്ഞുങ്ങളിലെ പതിവ് അണുബാധകൾ, അലർജികൾ, സമ്മർദം എന്നിവ ഒഴിവാക്കാൻ ശരിയായ രീതിയിൽ ഭക്ഷണം നൽകണം. ശരിയായ ഭക്ഷണങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കുകയും അത് നിങ്ങളുടെ കുഞ്ഞിനെ ആരോഗ്യവാനും സന്തോഷവാനാക്കിയും നിലനിർത്തുമെന്ന്” ഡോ. കത്‌വാട്ടെ പറയുന്നു.
കുഞ്ഞുങ്ങൾക്ക് ഏതുതരം ഭക്ഷണം നൽകണം
1. മുലപ്പാൽ: കുട്ടികൾക്ക് ആവശ്യമായ ഏറ്റവും മികച്ച പോഷകാഹാരമാണ് മുലപ്പാൽ. ശിശുക്കൾക്കുള്ള സംരക്ഷണം കൂടിയാണ് മുലപ്പാൽ. അണുബാധകളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവരുടെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്ന ആൻ്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ടെന്ന് ഒന്നിലധികം പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ഇത് കുഞ്ഞിനെ കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്നും സുഖമില്ലാത്ത അവസ്ഥയിൽ നിന്നും സംരക്ഷിക്കുമെന്നും ഡോക്‌ടർ പറയുന്നു.
2. വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ: ഓറഞ്ച്, സ്ട്രോബറി, പപ്പായ, കിവി തുടങ്ങിയ പഴങ്ങൾ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്‌ടമാണ്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും സഹായിക്കുന്നു. കുഞ്ഞുങ്ങൾക്കിത് ഉടച്ചോ, ചെറുതായി അരിഞ്ഞോ കൊടുക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നതാണ് നല്ലതെന്നും ഡോക്‌ടർ നിർദേശിക്കുന്നു.
എങ്ങനെ ഭക്ഷണം നൽകണം: ചെറിയ കുഞ്ഞുങ്ങൾക്ക് പഴങ്ങൾ നന്നായി ഉടച്ചോ അല്ലെങ്കിൽ ആവിയിൽ പുഴുങ്ങിയോ കൊടുക്കാം. സ്‌മൂത്തികളാക്കിയും നൽകാവുന്നതാണ്. വിറ്റാമിൻ സി രോഗപ്രതിരോധ കോശങ്ങളുടെ ഉത്‌പാദനം വർധിപ്പിക്കുന്നു. പ്രകൃതിദത്തമായ പഞ്ചസാര കുട്ടികളിൽ ഊർജം നൽകുന്നു.
3. പച്ചക്കറികൾ: ഒട്ടുമിക്ക കുട്ടികളും കഴിക്കാൻ ഇഷ്‌ടപ്പെടാത്ത ഒന്നാണ് പച്ചക്കറികൾ. എന്നാൽ ചെറുപ്രായത്തിൽതന്നെ കൊടുത്ത് ശീലിപ്പിക്കേണ്ടതാണ് പച്ചക്കറികളെന്ന് ഡോക്‌ടർ പറയുന്നു. ചീര, ബ്രോക്കോളി എന്നിവ വളരെ നല്ലതാണ് കുട്ടികൾക്ക്. ഇവയിൽ ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധത്തെയും മൊത്തത്തിലുള്ള വളർച്ചയ്‌ക്കും സഹായിക്കുന്നു.
എങ്ങനെ നൽകാം: ചീര പയർ വർഗങ്ങളോടൊപ്പം നൽകാം. സാലഡുകൾ വേവിച്ചോ, സലാഡുകൾ അരിഞ്ഞിട്ടോ, സൂപ്പാക്കിയോ നൽകാവുന്നതാണ്.
4. തൈര്: ഒരു കുട്ടിയുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ ഏകദേശം 70 ശതമാനവും കുടലിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാൽ കുട്ടികൾക്ക് തൈര് ഭക്ഷണത്തോടൊപ്പം നൽകുന്നതും വളരെ നല്ലതാണ്.
5. ധാന്യങ്ങൾ: ഗോതമ്പ്, ഓട്‌സ്, തവിട്ട് അരി, തിന തുടങ്ങിയ ഭക്ഷണങ്ങൾ സുസ്ഥിരമായ ഊർജം, കുടലിൻ്റെ ആരോഗ്യം പ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങൾ എന്നിവ നൽകുന്നു. ഇതുവഴി ശരീരം അണുബാധകളെ ചെറുക്കുന്നു. കുട്ടികൾക്ക് ഇവ കുറുക്ക് രൂപത്തിലും അൽപ്പം മുതിർ കുട്ടികൾക്ക് കഞ്ഞിയായുമെല്ലാം നല്‍കാവുന്നതാണ്.
6. പോഷകസമൃദ്ധമായ പാനീയങ്ങൾ: കുഞ്ഞുങ്ങൾക്ക് പനി, വിയർപ്പ്, ഭക്ഷണത്തിൻ്റെ കുറവ് എന്നിവയിലൂടെ വേഗത്തിൽ ശരീരത്തിലെ ദ്രാവകം നഷ്‌ടപ്പെടാം. ഇതിനായി ധാരാളം വെള്ളം, സൂപ്പുകൾ തുടങ്ങിയവ ഉപയോഗിക്കാം.
കുഞ്ഞിന് അസുഖം വരുമ്പോൾ മാത്രമാണ് പല മാതാപിതാക്കളും ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇത് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ആയതിനാൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും വേണ്ടി നല്ല ഭക്ഷണങ്ങൾ നൽകി കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ വളർത്തിയെടുക്കാം.






