എന്താണ് ബൾക്കി യൂട്രസ്..? ആശങ്കപ്പെടേണ്ട കാര്യമുണ്ടോ..?

0
5

ബൾക്കി യൂട്രസ്” (Bulky uterus) അഥവാ ഗർഭാശയത്തിൻ്റെ വലിപ്പം കൂടുന്ന അവസ്ഥ. ഈ പ്രയോഗം കേൾക്കുമ്പോൾ തന്നെ പല ചോദ്യങ്ങളും ഉയർന്നുവന്നേക്കാം. ഇത് ഫൈബ്രോയിഡ് (fibroid) ആണോ? ഗർഭം ധരിക്കാനുള്ള സാധ്യതയെ ഇത് ബാധിക്കുമോ? ശസ്ത്രക്രിയ ആവശ്യമായി വരുമോ? എന്നിങ്ങനെ…

ആദ്യം മനസിലാക്കേണ്ട കാര്യം, ‘ബൾക്കി യൂട്രസ്’ എന്നത് ഒരു രോഗമോ കൃത്യമായ രോഗനിർണയമോ അല്ല എന്നതാണ്. അതായത്, ഒരു സ്ത്രീയുടെ പ്രായത്തിനും പ്രത്യുൽപാദന ഘട്ടത്തിനും അനുസരിച്ച് സാധാരണയായി പ്രതീക്ഷിക്കുന്നതിലും വലിയ ഗർഭാശയം ഉണ്ടാവുക എന്നതാണ്. സാധാരണയായി അൾട്രാസൗണ്ട് പരിശോധനയിലാണ് ഇത് തിരിച്ചറിയുന്നത്. നാരായണ ഹെൽത്തിലെ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡറുമായ ഡോ. സപ്‌ന റെയ്‌ന പറയുന്നതനുസരിച്ച്, ഗർഭാശയത്തിൻ്റെ വലിപ്പം കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം.

ഫൈബ്രോയിഡുകളാണ് മറ്റൊരു പ്രധാന കാരണം. ഗർഭാശയത്തിൻ്റെ പേശീപാളിയിൽ നിന്നുണ്ടാകുന്ന, ക്യാൻസർ അല്ലാത്ത വളർച്ചകളാണ് ഫൈബ്രോയിഡുകൾ. അതിനാൽ, അൾട്രാസൗണ്ട് റിപ്പോർട്ടിൽ ‘ബൾക്കി യൂട്രസ്’ എന്ന് കാണുന്നത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് ഫൈബ്രോയിഡ് ഉണ്ടെന്ന് അർഥമാക്കുന്നില്ല. ഇതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അൾട്രാസൗണ്ട് ഫലങ്ങൾ, രോഗലക്ഷണങ്ങൾ, ചികിത്സാ ചരിത്രം എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ട്.”

എന്തുകൊണ്ടാണ് ഗർഭാശയം വലുതാകുന്നത്?

ഡോ. റെയ്‌ന ചൂണ്ടിക്കാണിക്കുന്ന രണ്ട് പ്രധാന കാരണങ്ങൾ അഡെനോമയോസിസും ഫൈബ്രോയിഡുകളുമാണ്. പ്രത്യുൽപാദന ഹോർമോണുകളുടെ സ്വാധീനത്താൽ ഉണ്ടാകുന്ന അവസ്ഥകളാണിവ രണ്ടും. പ്രത്യുൽപാദന ശേഷിയുള്ള പ്രായത്തിലോ, പ്രത്യേകിച്ച് ആ പ്രായത്തിൻ്റെ അവസാന ഘട്ടത്തിലോ ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്.

പ്രായം, ഹോർമോൺ ഘടകങ്ങൾ, ഫൈബ്രോയിഡുകൾ സംബന്ധിച്ച കുടുംബ ചരിത്രം, മറ്റ് പ്രത്യുൽപാദന സംബന്ധമായ ഘടകങ്ങൾ എന്നിവയും ഇതിനുള്ള സാധ്യതയെ സ്വാധീനിച്ചേക്കാം. എന്നാൽ ഗർഭാശയം വലുതായിരിക്കുന്നത് എല്ലായ്പ്പോഴും രോഗലക്ഷണമല്ല. ഉദാഹരണത്തിന്, ഗർഭധാരണം മൂലം സ്വാഭാവികമായും ഗർഭാശയം വലുതാകുന്നുണ്ട്. അതിനാൽ, “ഗർഭാശയത്തിന് എത്ര വലിപ്പമുണ്ട്?” എന്നതല്ല പ്രധാനം, മറിച്ച് “എന്തുകൊണ്ടാണ് അത് പ്രതീക്ഷിച്ചതിലും വലുതായിരിക്കുന്നത്, അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടോ?” എന്നതാണ് പ്രസക്തമായ ചോദ്യം.

ബൾക്കി യൂട്രസ് മൂലം എന്ത് ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്?

ഗർഭാശയം വലുതായിരിക്കുന്ന എല്ലാവരിലും ലക്ഷണങ്ങൾ കാണണമെന്നില്ല. ചില സ്ത്രീകളിൽ, തികച്ചും വ്യത്യസ്‌തമായ കാരണത്താൽ നടത്തുന്ന അൾട്രാസൗണ്ട് പരിശോധനയിലാകാം ഈ അവസ്ഥ യാദൃശ്ചികമായി കണ്ടെത്തുന്നത്. ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ, അതിൽ അമിതമായതോ ദീർഘനേരം നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം, വേദനയേറിയ ആർത്തവം, പെൽവിക് ഭാഗത്ത് (ഇടുപ്പിൻ്റെ താഴെയായി) വേദനയോ ഭാരമോ അനുഭവപ്പെടുക, വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടാവുക, ലൈംഗിക ബന്ധത്തിനിടയിലുള്ള വേദന, മൂത്രസഞ്ചിയിലോ കുടലിലോ സമ്മർദ്ദം അനുഭവപ്പെടുക എന്നിവ ഉൾപ്പെടാം.

ആർത്തവസമയത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. രക്തനഷ്‌ടം കൂടുതലാണെങ്കിൽ, സ്ത്രീകളിൽ വിളർച്ച (അനീമിയ) ഉണ്ടാകാനും അമിതമായ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാൽ, ആർത്തവ രീതിയിലുള്ള മാറ്റം, അമിതമായ രക്തസ്രാവം അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് വേദന എന്നിവയെക്കുറിച്ച് ഒരു ഗൈനക്കോളജിസ്റ്റുമായി സംസാരിക്കുന്നത് ഉചിതമാണ്.

എന്നാൽ ‘ബൾക്കി യൂട്രസ്’ (ഗർഭപാത്രത്തിൻ്റെ വലിപ്പം കൂടുക) എന്ന കണ്ടെത്തൽ മാത്രം പരിഭ്രാന്തരാകാനുള്ള കാരണമല്ല. രോഗാവസ്ഥയുടെ പേരിനേക്കാൾ ഉപരിയായി, അതിലൂടെ ഉണ്ടാകുന്ന ലക്ഷണങ്ങളും (ഗർഭപാത്രം വലുതാകാൻ കാരണമായ അവസ്ഥയും) ആണ് പ്രധാനം.

ഗർഭപാത്രത്തിൻ്റെ വലിപ്പം കൂടുന്നത് (Bulky Uterus) ഗർഭധാരണ ശേഷിയെ ബാധിക്കുമോ?

ഇക്കാര്യത്തിൽ നിലവിലുള്ള ഒരു തെറ്റിദ്ധാരണ തിരുത്തേണ്ടതുണ്ട്. ഗർഭപാത്രത്തിൻ്റെ വലിപ്പം കൂടിയിരിക്കുന്നു എന്നതുകൊണ്ട് മാത്രം വന്ധ്യത ഉണ്ടാകണമെന്നില്ല. ഗർഭധാരണ ശേഷിയെയും ഗർഭധാരണത്തെയും ബാധിക്കുന്നത് ഗർഭപാത്രത്തിൻ്റെ വലിപ്പമല്ല, മറിച്ച് അത് വലുതാകാൻ കാരണമായ അവസ്ഥയാണ്.

അഡിനോമയോസിസ് (adenomyosis), ചിലതരം ഫൈബ്രോയിഡുകൾ (fibroids) എന്നിവ ഗർഭപാത്രത്തിനുള്ളിലെ സാഹചര്യങ്ങളെ ബാധിക്കുകയും, ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ഗർഭകാല സങ്കീർണതകൾക്ക് കാരണമാവുകയോ ചെയ്തേക്കാം. ഇവ അമിതമായ ആർത്തവത്തിനും കഠിനമായ ആർത്തവ വേദനയ്ക്കും കാരണമായേക്കാം.

അതേസമയം, ഫൈബ്രോയിഡുകളോ അഡിനോമയോസിസോ ഉള്ള പല സ്ത്രീകളും ഗർഭം ധരിക്കുകയും ആരോഗ്യകരമായ ഗർഭകാലം പൂർത്തിയാക്കുകയും ചെയ്യാറുണ്ട്. ഗർഭധാരണത്തിന് ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള ഗർഭം അലസൽ, അമിതമായ ആർത്തവം അല്ലെങ്കിൽ പെൽവിക് ഭാഗത്ത് കാര്യമായ ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഗർഭപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളാണോ ഇതിന് കാരണമെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഗർഭപാത്രത്തിൻ്റെ വലിപ്പം കൂടിയ അവസ്ഥ എങ്ങനെയാണ് പരിശോധിക്കുന്നത്?

സാധാരണയായി ലളിതമായ പരിശോധനകളിലൂടെയാണ് തുടക്കം കുറിക്കുന്നത്. സ്ത്രീയുടെ ആരോഗ്യ ചരിത്രം, ആർത്തവ ചരിത്രം, ശാരീരിക പരിശോധന, പെൽവിക് അൾട്രാസൗണ്ട് എന്നിവയാണവ. ഗർഭപാത്രത്തിൻ്റെ വലിപ്പത്തെയും ഘടനയെയും കുറിച്ചുള്ള വിവരങ്ങൾ അൾട്രാസൗണ്ട് വഴി ലഭിക്കും.

കൂടാതെ ഫൈബ്രോയിഡുകളോ അഡിനോമയോസിസ് സൂചിപ്പിക്കുന്ന ലക്ഷണങ്ങളോ ഇതിൽ കാണാൻ സാധിച്ചേക്കാം. കൂടുതൽ വിശദമായ പരിശോധന ആവശ്യമുള്ള സന്ദർഭങ്ങളിൽ എംആർഐ (MRI) നിർദ്ദേശിക്കാറുണ്ട്. ‘ബൾക്കി യൂട്രസ്’ എന്ന കണ്ടെത്തലിനെ അന്തിമമായ രോഗനിർണയമായി കാണാൻ പാടില്ലാത്തതിൻ്റെ കാരണവും ഇതാണ്. ഗർഭപാത്രം വലുതാകാനുള്ള യഥാർഥ കാരണം കണ്ടെത്താൻ ഡോക്‌ടറെ സഹായിക്കുന്ന ഒരു സൂചന മാത്രമാണിത്.

വലിപ്പം കൂടിയ എല്ലാ ഗർഭപാത്രങ്ങൾക്കും ചികിത്സ ആവശ്യമുണ്ടോ?

പ്രസവചികിത്സാ-സ്ത്രീരോഗ വിദഗ്‌ധയായ ഡോ. റെയ്‌ന പറയുന്നത് ഇതാണ്, “അടിസ്ഥാന കാരണം എന്താണെന്നും രോഗിക്ക് കാര്യമായ ലക്ഷണങ്ങൾ ഉണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കും ചികിത്സാ രീതി. കാര്യമായ ലക്ഷണങ്ങളോ ആശങ്കാജനകമായ കണ്ടെത്തലുകളോ ഇല്ലെങ്കിൽ, രോഗിയെ നിരീക്ഷിക്കുക എന്ന രീതി മാത്രം സ്വീകരിച്ചാൽ മതിയാകും.

വേദനയോ അമിത രക്തസ്രാവമോ അനുഭവപ്പെടുന്ന സ്ത്രീകൾക്ക്, ലക്ഷണങ്ങൾ നിയന്ത്രിക്കാൻ മരുന്നുകൾ (ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ ഉൾപ്പെടെ) സഹായിച്ചേക്കാം. വലുപ്പമേറിയതോ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതോ ആയ ഫൈബ്രോയിഡുകൾ, തീവ്രമായ ലക്ഷണങ്ങൾ, അല്ലെങ്കിൽ മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്ത മറ്റ് ഘടനാപരമായ പ്രശ്‌നങ്ങൾ എന്നിവയുണ്ടെങ്കിൽ, പ്രത്യേക ചികിത്സാ നടപടികളോ ശസ്ത്രക്രിയയോ പരിഗണിക്കേണ്ടി വന്നേക്കാം.”

അൾട്രാസൗണ്ട് റിപ്പോർട്ടിലെ കണ്ടെത്തലുകൾ മാത്രമല്ല ചികിത്സാ രീതി തീരുമാനിക്കുന്നത്. രോഗകാരണം, ലക്ഷണങ്ങൾ, ഓരോ വ്യക്തിയുടെയും പ്രത്യേക സാഹചര്യങ്ങൾ എന്നിവയും അതിൽ നിർണായകമാണ്. അതിനാൽ, നിങ്ങളുടെ റിപ്പോർട്ടിൽ “ബൾക്കി യൂട്രസ്” (ഗർഭപാത്രത്തിന്റെ വലുപ്പം കൂടുക) എന്ന് കാണുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ഗൂഗിളിൽ തിരഞ്ഞ് ശസ്ത്രക്രിയയെക്കുറിച്ച് ആകുലപ്പെടുകയോ അതിനായി ഒരുങ്ങുകയോ ചെയ്യരുത്. പകരം, റിപ്പോർട്ടുമായി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച്, ഗർഭപാത്രത്തിൻ്റെ വലുപ്പം കൂടാനുള്ള കാരണം എന്താണെന്ന് മനസിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here