വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ പോര്;

0
21

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ നിലനിൽക്കെ ഹോർമുസ് കടലിടുക്കിൽ ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. യുഎസ് നാവികസേനയുടെ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്നും യാതൊരു കേടുപാടുകളും കൂടാതെ കപ്പലുകൾ സുരക്ഷിതമായി കടന്നുപോയെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ ഇറാൻ സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞതായും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ പ്രത്യാക്രമണം നേരിടേണ്ടിവരും
ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ അമേരിക്കയുടെ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ സേനയുടെ ആക്രമണമുണ്ടായത്. ലോകോത്തര നിലവാരമുള്ള മൂന്ന് യുഎസ് കപ്പലുകളും വിജയകരമായി തന്നെ ആക്രമണങ്ങളെ നേരിട്ട് മുന്നോട്ട് പോയെന്ന് അദ്ദേഹം പ്രതികരിച്ചു.

യുഎസ് സേനയ്ക്ക് യാതൊരുവിധ കേടുപാടുകളും പറ്റിയിട്ടില്ലെങ്കിലും ആക്രമണം നടത്തിയ ഇറാൻ സേനയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ്റെ നിരവധി ചെറുബോട്ടുകൾ പൂർണ്ണമായും തകർത്തതായും യുഎസ് കപ്പലുകൾ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും ട്രംപ് വിശദീകരിക്കുന്നുണ്ട്.

അമേരിക്കൻ കപ്പലുകൾക്ക് നേരെ വന്ന ഡ്രോണുകൾ ആകാശത്തുവച്ചുതന്നെ കത്തിച്ചാമ്പലാക്കി. ഇവ ചിത്രശലഭങ്ങളെപ്പോലെ സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ ഇപ്പോഴെങ്കിലും പുതിയൊരു കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ലെങ്കിൽ ഭാവിയിൽ ഇതിലും വലിയ രീതിയിലുള്ള പ്രത്യാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.

നിലവിലെ ഇറാൻ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഭരണതലത്തിൽ ഇരിക്കുന്നത് ഭ്രാന്തന്മാരാണെന്നും അവർക്ക് ആണവായുധം പ്രയോഗിക്കാൻ അവസരം ലഭിച്ചാൽ യാതൊരു സംശയവുമില്ലാതെ അത് ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അവർക്ക് അതിനുള്ള അവസരം അമേരിക്ക ഒരിക്കലും നൽകില്ല. അമേരിക്കൻ കപ്പലുകൾ ഇപ്പോൾ സുരക്ഷിതമായി നാവിക ഉപരോധത്തിൻ്റെ ഭാഗമായെന്നും ഉരുക്കുകോട്ട പോലെ സേന സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കൻ കപ്പലുകളെ തുരത്തിയെന്ന് ഇറാൻ
തെക്കൻ ഇറാനിലെ ജാസ്ക് പോർട്ടിന് സമീപത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ അമേരിക്കൻ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് കപ്പലുകളെ ലക്ഷ്യം വച്ചതെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നാവിക കമാൻഡ് എക്സിലെ കുറിപ്പിലൂടെ അവകാശപ്പെട്ടു.

കപ്പൽ വേധ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ചാവേർ ഡ്രോണുകളും ഉപയോഗിച്ച് യുഎസ് കപ്പലുകൾക്ക് നേരെ സംയോജിത ആക്രമണമാണ് നടത്തിയതെന്നും ഇറാൻ പറയുന്നു. വലിയ രീതിയിലുണ്ടായ ഈ ആക്രമണത്തിൽ അമേരിക്കൻ കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്നും ഹോർമുസ് കടലിടുക്കിൽ നിന്ന് യുഎസ് സേന വേഗത്തിൽ പിന്മാറിയെന്നും ഐആർജിസി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഇൻ്റലിജൻസ് നിരീക്ഷണ വിവരങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

തുടക്കം എണ്ണ ടാങ്കർ ആക്രമണത്തിൽ
ഒമാൻ ഉൾക്കടലിൽ എംടി ഹസ്ന എന്ന ഇറാൻ പതാക വച്ച എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച അമേരിക്കൻ നാവികസേന വെടിയുതിർത്തിരുന്നു. മേഖലയിലെ അമേരിക്കൻ സേനയുടെ നിർദേശങ്ങൾ പാലിക്കാൻ എണ്ണ ടാങ്കർ തയാറായില്ലെന്ന് ആരോപിച്ചായിരുന്നു ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ നാവിക ഉപരോധത്തിൻ്റെ ഭാഗമായുള്ള അമേരിക്കൻ നടപടി. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ ധാരണകൾക്കിടയിലാണ് വീണ്ടും ഇത്തരം സൈനിക സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലുണ്ടായ ഈ വിനാശകരമായ ഏറ്റുമുട്ടൽ ആഗോള സാമ്പത്തിക മേഖലയെയും വലിയ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പശ്ചിമേഷ്യയിൽ നേരത്തെ തന്നെയുള്ള യുദ്ധസാഹചര്യങ്ങൾക്ക് പുറമേയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ഈ നേരിട്ടുള്ള കടൽ ആക്രമണങ്ങൾ. സാമ്പത്തിക വിപണിയിൽ എണ്ണവില വർധിക്കാനും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും ഇത്തരം സൈനിക നീക്കങ്ങൾ ഭാവിയിൽ കാരണമായേക്കാം. ഉടൻ തന്നെ പുതിയൊരു സമാധാന കരാറിലെത്താൻ ഇറാൻ തയാറായില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പരസ്യ ഭീഷണി കൂടി ഉയർന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലാകെ സ്ഥിതിഗതികൾ വീണ്ടും കൂടുതൽ രൂക്ഷമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here