കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ലഭ്യമാക്കിയിരുന്ന ലൂക്കോസൈറ്റ് ഫിൽറ്റെഡ് രക്ത വിതരണം മുടങ്ങി, തലാസീമിയ രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് കരീം കാരശേരി പറഞ്ഞു.
കോഴിക്കോട്: തലാസീമിയ രോഗികൾ ദുരിതത്തില്‍. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ലഭ്യമാക്കിയിരുന്ന ലൂക്കോസൈറ്റ് ഫിൽറ്റെഡ് രക്ത വിതരണം നിലച്ചതോടെ തലാസീമിയ രോഗം ബാധിച്ച രോഗികൾ ദുരിതത്തിലായി. കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി മെഡിക്കൽ കോളജിൽ ലഭ്യമായിരുന്ന ഫിൽട്ടർ സെറ്റ് രോഗികൾക്ക് നൽകുന്നത് മുടങ്ങിയിട്ട്.
നിലവിൽ ആയിരത്തി ഇരുന്നൂറുരൂപ മുതൽ ആയിരത്തി മുന്നൂറ് രൂപ വരെ ചെലവഴിച്ച് എറണാകുളത്തുനിന്നും എത്തിക്കേണ്ട അവസ്ഥയാണ് രോഗികൾ നേരിടുന്നത്. നേരത്തെ ഏറെ നാളുകൾ ഫിൽട്ടർ സെറ്റ് വിതരണം കോഴിക്കോട് മെഡിക്കൽ കോളജിൽ മുടങ്ങിയിരുന്നു. പിന്നീട് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായതോടെ ഫിൽട്ടർ സെറ്റ് വിതരണം പുനസ്ഥാപിക്കുകയായിരുന്നു.
ഓരോ മാസവും രണ്ടും മൂന്നും ഫിൽറ്റർ സെറ്റുകളാണ് തലാസീമിയ രോഗികൾക്ക് ആവശ്യമായി വരുന്നത്. ഇത്തരം രോഗികൾ ഇപ്പോൾ ഏറെതുക ചെലവഴിച്ച് എറണാകുളത്തു നിന്നും ഫിൽട്ടർ സെറ്റ് എത്തിക്കുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഓരോ രോഗികളും നേരിടുന്നത്.
ഫിൽട്ടർ സെറ്റ് ആവശ്യമായ രോഗികൾ മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിൽ ചെന്ന് ചോദിക്കുമ്പോൾ എന്ന് വരുമെന്ന് ഉത്തരം പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിലെ ജീവനക്കാർ. സാധാരണ ഇത്തരം ഘട്ടങ്ങളിൽ ലോക്കൽ പർച്ചേസ് നടത്തി ഫിൽറ്റർ സെറ്റ് ഉറപ്പ് വരുത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാൽ അതൊന്നും തന്നെ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പോലുള്ള ചികിത്സകളിലൂടെ തലാസീമിയ രോഗികൾക്ക് മെച്ചപ്പെട്ട ഫലം നൽകാൻ സാധിച്ചിരുന്നുവെന്ന് സ്റ്റേറ്റ് പ്രസിഡൻ്റ് ബ്ലഡ് പേഷ്യൻ്റ് പ്രൊട്ടക്ഷൻ കൗൺസിലറായ കരീം കാരശേരി പറഞ്ഞു. ഇതിന് മരുന്നുകളും ഫിൽട്ടർ സെറ്റുകളും അത്യാവശ്യ ഘടകവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇവയെല്ലാം മുടങ്ങാതെ രോഗികൾക്ക് ലഭ്യമാക്കിയതിലൂടെയാണ് തലാസീമിയ രോഗികൾക്ക് ആശ്വാസം പകർന്നിരുന്നത്. എന്നാല്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങിയതോടെ തലാസീമിയ രോഗികളുടെ ജീവിതം തന്നെ അപകടാവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷമായിട്ട് ഫില്‍റ്റർ രക്തം മുടങ്ങുന്നു. രോഗികള്‍ക്ക് ഫില്‍റ്റര്‍ രക്തം കയറ്റിയില്ലെങ്കില്‍ അവരുടെ നില ഗുരുതരത്തിലേക്ക് മാറും. ഇടയ്ക്ക് ഇടയ്ക്ക് രക്തം മുടങ്ങിയതോടെ ഭൂരിഭാഗം രോഗികളുടെയും ചികിത്സ താളം തെറ്റിയ നിലയിലാണ്” കാരശേരി കൂട്ടിച്ചേര്‍ത്തു.
രണ്ടു തവണ ഫിൽട്ടർ സെറ്റുകൾക്കും മരുന്നിനും ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും മരുന്നു കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാതിരുന്നതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മറുപടി. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുന്നതാണ് ഇന്നത്തെ ദുരവസ്ഥ.







