മാതൃകയായി ശ്രീ സത്യസായി സഞ്ജീവനി ഹാർട്ട് കെയർ സെൻ്റർ,ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ;

0
8

ഹൈദരാബാദ്: ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകി മാതൃകയാവുകയാണ് തെലങ്കാനയിലെ ശ്രീ സത്യസായി സഞ്ജീവനി ചൈൽഡ് ഹാർട്ട് കെയർ ആൻഡ് റിസർച്ച് സെൻ്റർ. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ കൊണ്ടപാക്ക എന്ന സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സത്യസായി ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റാണ് ആശുപത്രി നടത്തുന്നത്.

ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ഓപ്പൺ-ഹാർട്ട് സർജറികളും അഡ്വാൻസ്‌ഡ്‌ കാർഡിയാക് ഇൻ്റർവെൻഷനുകളും എല്ലാം ഇവിടെ സൗജന്യമാണ്. പരിചയസമ്പന്നരായ ഡോക്‌ടർമാരുടെ നേൃത്വത്തിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവിടെ ചികിത്സ നടത്തുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കുട്ടികൾക്ക് ഹൃദയ ശസ്‌ത്രക്രിയകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും മറ്റ് 14 രാജ്യങ്ങളിൽ നിന്നുമുള്ള 233 കുട്ടികൾക്ക് ഓപ്പൺ-ഹാർട്ട് സർജറികളും 103 കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയകളും ചെയ്‌തിട്ടുണ്ട്. ഇതുവരെ മൊത്തം 336 കുഞ്ഞു ജീവനുകളാണ് രക്ഷിച്ചത്.

എന്നാൽ, ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾക്ക് മാത്രമേ ഇവിടെ ചികിത്സ നൽകുകയുള്ളൂ. കൂടാതെ ഹൃദയത്തിലെ ദ്വാരങ്ങൾ, വാൽവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അസാധാരണമായ രക്തപ്രവാഹങ്ങൾ തുടങ്ങി ഏകദേശം 100ഓളം ഹൃദയ വൈകല്യങ്ങൾക്ക് ശസ്ത്രക്രിയകളും നടത്തി വരുന്നു.

ആശുപത്രിയിൽ അത്യാധുനിക കത്തീറ്ററൈസേഷൻ ലബോറട്ടറിയും (കാത്ത് ലാബ്) ഉണ്ട്. പരമ്പരാഗത ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവിടെ ശസ്‌ത്രക്രിയകൾ നടത്തുന്നത്. കൈയിലോ കാലിലോ ഉള്ള രക്തക്കുഴലുകളിലൂടെ കത്തീറ്റർ എന്നറിയപ്പെടുന്ന ഒരു നേർത്ത ട്യൂബ് ഹൃദയത്തിലേയ്‌ക്ക് എത്തിക്കുന്നു. ഇത് രോഗനിർണയവും ചികിത്സയും എളുപ്പത്തിലാക്കുകയും വേഗത്തിലുള്ള രോഗശാന്തി സാധ്യമാക്കുകയും ചെയ്യുന്നു. താരതമ്യേന ഈ ചികിത്സയ്‌ക്ക് വേദന കുറവായിരിക്കും.

രോഗനിർണയം, ശസ്ത്രക്രിയ, മരുന്നുകൾ, ഭക്ഷണം, താമസം എന്നിവയുൾപ്പെടെ എല്ലാ സേവനങ്ങളും ഇവിടെ സൗജന്യമാണ്. ചികിത്സാ കാലയളവിലുടനീളം കുട്ടിക്കും മാതാപിതാക്കൾക്കും ഭക്ഷണവും താമസവും ഒരുക്കുന്നുണ്ട്. നയാ റായ്‌പൂർ, പൽവാൾ, നവി മുംബൈ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഇത്തരത്തിലുള്ള ഹെൽത്ത് സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

“ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്‌ക്കായി ഈ ആശുപത്രി പൂർണ്ണമായും സജ്ജമാണ്” ആശുപത്രിയുടെ ചെയർമാൻ ഡോ. സി. ശ്രീനിവാസ് പറഞ്ഞു. 2024 നവംബർ 23 നാണ് ആശുപത്രി ഉദ്ഘാടനം ചെയ്‌തത്. 100 കിടക്കകളുള്ള ആശുപത്രിയിൽ നൂതന മെഡിക്കൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ലബോറട്ടറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആതുര സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.

ഗുരുതരമായ ഹൃദയ വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ നടത്താനായി വിദൂര, ഗോത്ര മേഖലകളിൽ സന്നദ്ധപ്രവർത്തകർ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 3.5 ലക്ഷം കുട്ടികൾ ഹൃദയ സംബന്ധമായ രോഗങ്ങളോടെ ജനിക്കുന്നു, ഉയർന്ന ചികിത്സാ ചെലവ് കാരണം ഒരു ലക്ഷത്തോളം കുട്ടികൾ മരിക്കുന്നു എന്നുമാണ് കണക്ക്. ഇത്തരം കുടുംബങ്ങൾക്ക് ഒരു അനുഗ്രഹമായി മാറുകയാണ് സഞ്ജീവനി ചൈൽഡ് ഹാർട്ട് കെയർ ആൻഡ് റിസർച്ച് സെൻ്റർ.

ചികിത്സ തേടുന്ന മാതാപിതാക്കൾക്ക് ആശുപത്രിയുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് അപ്പോയൻമെൻ്റ് എടുക്കാവുന്നതാണ്. 80101 19000 എന്ന നമ്പറിൽ വിളിച്ചോ 70751 37733 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here