ന്യൂഡൽഹി: ഇടുക്കി ചെറുതോണി ഉൾപ്പെടെ കേരളത്തിലെ 27 അണക്കെട്ടുകളിൽ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതായി കേന്ദ്ര ജലവിഭവ സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയെ അറിയിച്ചു.
ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (DRIP) പ്രകാരം ഡാം സേഫ്റ്റി റിവ്യൂ പാനൽ നടത്തിയ പരിശോധനയിലാണ് പാളിച്ചകൾ കണ്ടെത്തിയത്.
രാജ്യസഭയിൽ ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലേതുൾപ്പെടെ രാജ്യത്തെ 274 അണക്കെട്ടുകളാണ് പാനൽ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 162 അണക്കെട്ടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷാ നിലവാരം ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
അണക്കെട്ടുകളുടെ നിരന്തര മേൽനോട്ടവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഡാം സുരക്ഷാ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനതല ഡാം സുരക്ഷാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.







