ജീവനുള്ള കോശങ്ങൾ ഉപയോഗിച്ച് തലച്ചോറിൻ്റെ കേടായ ഭാഗം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് രാജ്യത്തെ പ്രശസ്‌ത ന്യൂറോ സർജൻ ഡോ. സുരേഷ്‌വർ മൊഹന്തി അവകാശപ്പെടുന്നത്.
ഇൻഡോർ: വൈദ്യശാസ്ത്രം ഇന്ന് പുരോഗതിയുടെ പാതയിലാണ്. രോഗികൾക്ക് പുതുജീവൻ നൽകാനുള്ള തുടർച്ചയായ ശ്രമങ്ങൾ ആരോഗ്യ മേഖലയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു വ്യക്തിയ്‌ക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുമ്പോൾ ഡോക്‌ടർമാർ നിസഹായരാകുന്നു. വൈദ്യശാസ്ത്രം ഇതുവരെ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്തിയിട്ടില്ല. എന്നാൽ ജീവനുള്ള കോശങ്ങൾ ഉപയോഗിച്ച് തലച്ചോറിൻ്റെ കേടായ ഭാഗം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് രാജ്യത്തെ പ്രശസ്‌ത ന്യൂറോ സർജൻ ഡോ. സുരേഷ്‌വർ മൊഹന്തി അവകാശപ്പെടുന്നത്.
“മനുഷ്യ മസ്‌തിഷ്‌കത്തിൻ്റെ കേടായ ഭാഗത്തിന് പകരം ജീവനുള്ള കോശങ്ങൾ വികസിപ്പിച്ച് എടുത്താൽ തലച്ചോറിൻ്റെ രണ്ട് വ്യത്യസ്‌ത ഭാഗങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയും. ഇതുസംബന്ധിച്ച് രാജ്യത്ത് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഇത് സാധ്യമാകും. ഇതിനുശേഷം, ബ്രെയിൻ ട്യൂമർ, തലയ്ക്കേറ്റ പരിക്കുകൾ, എഡിമ എന്നിവയിൽ നിന്നും രോഗികളെ രക്ഷിക്കാൻ കഴിയും.” ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. മൊഹന്തി പറഞ്ഞു.
വൈദ്യശാസ്‌ത്രത്തിന് നൽകിയ മികച്ച സംഭാവനയ്‌ക്കുള്ള ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാര്‍ഡ് വാങ്ങാനും വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനുമായി ഇൻഡോറിലെത്തിയതായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമായി മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ, മസ്‌തിഷ്‌ക മാറ്റിവയ്‌ക്കൽ ശാസ്‌ത്രക്രിയകളിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ, ഒരു തലച്ചോറ് മറ്റൊരു തലച്ചോറുമായി ബന്ധം സ്ഥാപിക്കുന്നില്ല, അതിനാൽ മാറ്റിവയ്ക്കപ്പെട്ട ഭാഗം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നാണ് ഡോ. മൊഹന്തി പറയുന്നത്.
“ഭാവിയിൽ രണ്ട് മനുഷ്യ തലച്ചോറുകൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടേക്കാം. ഇന്ത്യയിലെ ചില ഉന്നത സ്ഥാപനങ്ങൾ ഇത്തരം ശ്രമങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. ഇത് സംഭവിച്ചാൽ, ഭാവിയിൽ, മസ്‌തിഷ്‌ക മുഴകൾ, തലയ്‌ക്കേറ്റ പരിക്കുകൾ, എഡിമ, മസ്‌തിഷ്‌ക ക്ഷതം എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകളെ രക്ഷിക്കാൻ കഴിയും,” ഡോ. മൊഹന്തി പറഞ്ഞു.
ഭാവിയിൽ കരളിനെയും മറ്റ് അവയവങ്ങളെയും പോലെ, തലച്ചോറിൻ്റെ നിഷ്‌ക്രിയ ഭാഗവും ജീവനുള്ള കോശങ്ങളിലൂടെ വീണ്ടും സജീവമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. “മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയുടെ തലച്ചോറിലെ നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, അവയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ വൈദ്യശാസ്ത്ര മേഖലയിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്
വൈദ്യശാസ്‌ത്രത്തിന് നൽകിയ മികച്ച സംഭാവനയ്‌ക്ക് ഡോ. സുരേഷ്‌വർ മൊഹന്തി ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2025 ലെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാര്‍ഡിനായി തെരഞ്ഞെടുത്തിരുന്നു. ഡോ. മൊഹന്തി ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും പ്രശസ്‌തമായ ചില മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 150 ഓളം ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഇന്ത്യന്‍, അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മസ്‌തിഷ്‌ക ശസ്ത്രക്രിയയിലും നാഡീ ശസ്ത്രക്രിയയിലും വിദഗ്‌ധൻ കൂടിയാണ് അദ്ദേഹം. കൂടാതെ, നാഡീ ശസ്ത്രക്രിയയിലും നാഡീ ശാസ്ത്ര ഗവേഷണത്തിലും നൽകിയ മികച്ച സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത വൈദ്യശാസ്ത്ര ബഹുമതിയായ ഡോ. ബി.സി. റോയ് അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്.








