പ്രവാസികൾക്ക് ജാഗ്രത നിർദേശം; പൊടിക്കാറ്റ് തുടരും, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

0
35

യുഎഇയിൽ ഇന്നും ശക്തമായ കാറ്റോടുകൂടിയ പൊടി നിറഞ്ഞ കാലാവസ്ഥ തുടരും. പൊടി അലർജിയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇ: രാജ്യത്ത് ഇന്നും പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് രാവിലെ വരെ പൊടി നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായാണ് അറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് കൊണ്ട് പൊതുജനങ്ങളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

കൂടാതെ പൊടി അലർജിയുള്ള ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും കർശനമായി നിർദേശിച്ചു. ഇന്ന് ആകാശം മേഘാവൃതമായി തുടരുമെന്നും ഇടയ്ക്കിടെയുണ്ടാകുന്ന പൊടിപടലങ്ങൾ ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും കാര്യമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വൈകുന്നേരങ്ങളിൽ തീരദേശ വടക്കൻ പ്രദേശങ്ങളിൽ മേഘാവൃതം വർദ്ധിക്കുമെന്നും ചില പ്രദേശങ്ങളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഇന്നലെ ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. യുഎഇയുടെ ഉൾപ്രദേശങ്ങളിൽ താപനില 37°C ആയി തുടരുകയാണ്.

ഇന്നലെ അൽ ഐനിലെ സ്വീഹാനിൽ 37.8°C ആയിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്. പകൽ മുഴുവനും നേരിയതോ മിതമായതോ ആയ കാറ്റ് തുടരുമെന്നും അറിയിച്ചു. ഈ സാഹചര്യത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥയ്ക്ക് വർധിക്കാൻ കാരണമാകുമെന്നും വ്യക്തമാക്കി.

പൊടിക്കാറ്റിന് കാരണമാകുനനതിനാൽ റാസൽഖൈമ പോലീസ് ഡ്രൈവർമാർക്ക് അടിയന്തര പൊതു സുരക്ഷാ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദൃശ്യപരത പെട്ടെന്ന് കുറയാൻ സാധ്യതയുള്ളതിനാൽ വേഗത കുറയ്ക്കണമെന്നും മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here