എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ആ നിമിഷം സമ്മാനിച്ചത് ബാറ്റർ ഹർലീൻ ഡിയോളാണ്. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന്‍റെയും ഉന്മേഷത്തിന്‍റെയും രഹസ്യമറിയുകയായിരുന്നു ഡിയോളിന്‍റെ ലക്ഷ്യം
ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾ ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ എത്തിയപ്പോൾ ചർച്ചയായത് കളിയിലെ തന്ത്രങ്ങളോ റെക്കോർഡുകളോ മാത്രം ആയിരുന്നില്ല; ‘ഹനുമാൻ ടാറ്റൂവും’ പ്രധാനമന്ത്രിയുടെ ‘ചര്‍മ സൗന്ദര്യ രഹസ്യവും’ എല്ലാം കൂടിക്കാഴ്ചയില്‍ സംസാര വിഷയങ്ങളായി. വിജയത്തിന് ശേഷം നടന്ന ഈ സൗഹൃദ സംഭാഷണത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കഴിഞ്ഞയാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം നേടിയത്. വിജയത്തിന് ശേഷം ടീം, മുഖ്യ പരിശീലകൻ അമോൽ മസുംദാറിനും ബിസിസിഐ പ്രസിഡന്‍റ് മിഥുൻ മൻഹാസിനുമൊപ്പമാണ് വനിത ടീം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സംസാരിച്ചുതുടങ്ങിയത് 2017-ലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ്. “ഞങ്ങൾ 2017-ൽ അങ്ങയെ കണ്ടപ്പോൾ ട്രോഫി ഇല്ലാതെയാണ് വന്നത്. എന്നാൽ ഇത്തവണ, വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തതിന്‍റെ ഫലമായി, കിരീടം കൊണ്ടുവരാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ഇനിയും ട്രോഫികളുമായി വീണ്ടും വീണ്ടും അങ്ങയെ കാണുകയും ഫോട്ടോയെടുക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഹർമൻപ്രീത് പറഞ്ഞു. 2017-ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ഈ ടീം ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, ഒരു തരത്തിൽ അത് ഇന്ത്യൻ ജനതയുടെ ജീവിതമായി മാറിയിരിക്കുന്നു. ക്രിക്കറ്റിൽ നല്ലത് സംഭവിക്കുമ്പോൾ ഇന്ത്യക്ക് സന്തോഷമുണ്ടാകുന്നു, ചെറിയ വീഴ്ചയുണ്ടായാൽ പോലും രാജ്യം ദുഃഖിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി ക്യാപ്റ്റന് മറുപടി നൽകി.
തുടർന്ന്, പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾ കളിവിട്ട് വ്യക്തിപരമായ കാര്യങ്ങളിലേക്ക് നീങ്ങി. പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് ദീപ്തി ശർമ്മയുടെ സോഷ്യൽ മീഡിയയിൽ വൈറലായ ഹനുമാൻ ടാറ്റൂവിനെക്കുറിച്ചായിരുന്നു മോദിയുടെ ചോദ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് ശക്തി പകരുന്നതിനാണ് ഇത്തരമൊരു ടാറ്റൂ ചെയ്തതെന്ന് ദീപ്തി പറഞ്ഞു. ദീപ്തിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ജയ് ശ്രീംറാം എന്ന് എഴുതിയിട്ടുണ്ടല്ലോ എന്ന മോദിയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ദീപ്തിയുടെ മറുപടി.
എന്നാൽ, എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ആ നിമിഷം സമ്മാനിച്ചത് ബാറ്റർ ഹർലീൻ ഡിയോളാണ്. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന്‍റെയും ഉന്മേഷത്തിന്‍റെയും രഹസ്യമറിയുകയായിരുന്നു ഡിയോളിന്‍റെ ലക്ഷ്യം. താങ്കളുടെ ചര്‍മത്തിന് ഇത്രയും തിളക്കം ലഭിക്കുന്നതെന്ന് എങ്ങനെയെന്നായിരുന്നു ഡിയോളിന്‍റെ ചോദ്യം.
“ഞാൻ അക്കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറേയില്ല,” എന്ന് പൊട്ടിച്ചിരിയോടെ പ്രധാനമന്ത്രി മറുപടി നൽകി. ഒപ്പം, കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനകളുണ്ടെന്ന് ടീം അംഗങ്ങള്‍ പറഞ്ഞപ്പോള്‍ അതാകും കാര്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കളിയിലെ വിജയത്തിനൊപ്പം, കളിക്കളത്തിന് പുറത്തുള്ള ഇത്തരം രസകരമായ നിമിഷങ്ങളുടെ വീഡിയോ പ്രധാനമന്ത്രി തന്‍റെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.






