കുളുവിലെ സ്‌ത്രീകൾ നെയ്യുന്ന ഈ പരമ്പരാഗത വസ്‌ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
നാടിൻ്റെ സാസ്‌കാരിക പാരമ്പര്യം പേറുന്ന തുണിത്തരങ്ങൾ നിർമിക്കുന്ന തിരക്കിലാണ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നുള്ള ഒരു കൂട്ടം സ്‌ത്രീകൾ. കലയുടെ പൈതൃകവും സംസ്‌കാരവും സ്വപ്‌നങ്ങളുടെ നിറം ചാലിച്ച് നെയ്‌തെടുക്കുകയാണ് അവർ. അവിടെ എത്തുന്ന ടൂറിസ്‌റ്റുകളെ മാത്രം ലക്ഷ്യമിട്ടുള്ള ചെറു സംരംഭമാണ് ഇതെന്ന് ധരിച്ചെങ്കിൽ തെറ്റി.
ഇരുപതിലധികം രാജ്യങ്ങളിലേക്കാണ് ഇവർ നിർമിക്കുന്ന വസ്‌ത്രങ്ങൾ കയറ്റി അയക്കുന്നത്. കരകൗശല നിർമ്മാതാക്കളുമായി സഹകരിച്ച് ഒരു ആഗോള പ്രസ്ഥാനത്തിന് രൂപം നൽകിയ കുൽവി വിംസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഈ സംരംഭത്തിന് പിന്നിൽ. നാനൂറിലധികം സ്‌ത്രീകള്‍ ഈ ഉദ്യമത്തിൽ ഇന്ന് പങ്കാളികളാണ്.
12 വർഷങ്ങൾക്ക് മുൻപ് ഭൃഗു ആചാര്യ എന്നയാൾ സ്ഥാപിച്ച ഈ ഫൗണ്ടേഷൻ ഒരുപാട് ആളുകൾക്ക് ഇന്ന് താങ്ങും തണലുമാണ്. കുളുവിലെ പ്രദേശങ്ങളിൽ ആടിനെ മേയ്‌ക്കുന്നവർ നിർമ്മിക്കുന്ന കമ്പിളി വസ്‌ത്രങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, സ്‌ത്രീകൾക്ക് അവരുടെ കൈത്തൊഴിലിലൂടെ സുസ്ഥിരമായ ഉപജീവനമാർഗം നേടിക്കൊടുക്കുക എന്നിവയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
ഇന്ന് 14 ഗ്രാമങ്ങളിലായി നിരവധി സ്‌ത്രീകൾ ഈ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവർ വീടുകളിൽ കമ്പിളി നൂൽ നൂൽക്കുന്നു, നെയ്തെടുക്കുന്നു, ചായം പൂശുന്നു. ഭംഗിയുള്ള കോട്ടുകൾ, ഷാളുകൾ, സ്വറ്ററുകൾ, കയ്യുറകൾ, സോക്‌സുകൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുന്നു. ആയിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഉത്‌പന്നങ്ങളാണ് വിപണികളിൽ വിൽക്കുന്നത്.
വാൽനട്ട് ഷെല്ലുകൾ, ജമന്തി പൂക്കൾ, ഉള്ളിത്തൊലി, കാട്ടുപൂക്കൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുത്ത പ്രകൃതിദത്ത ചായങ്ങളാണ് നിറം നൽകാൻ ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹാർദവും ആകർഷണീയമായ നിറമുള്ളതും പ്രദേശത്തിൻ്റെ വൈവിധ്യത്തിൽ വേരൂന്നിയതുമായ വസ്ത്രങ്ങൾ അവർ രൂപകൽപന ചെയ്‌തെടുക്കുന്നു.
പരമ്പരാഗതമായ കുളു വസ്‌ത്രങ്ങളുടെ പ്രൗഢി മങ്ങാൻ തുടങ്ങിയപ്പോഴാണ് ഇവർ വസ്‌ത്രങ്ങൾക്ക് പുതിയ രൂപം നൽകുന്നതിനെപ്പറ്റി ആലോചിച്ചത്. ഇപ്പോൾ ഈ കമ്പിളി വസ്‌ത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ആളുകൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ആദ്യകാലത്ത് സംരംഭത്തിന് കീഴിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗമായി മാറിയിരിക്കുന്നു എന്ന് ഫൗണ്ടേഷൻ്റെ സ്ഥാപകനായ ആചാര്യ പറയുന്നു.
ഫൗണ്ടേഷൻ നാൽപ്പത്തഞ്ച് അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിക്കുകയും ലോകത്തുടനീളമുള്ള പ്രദർശനങ്ങളിൽ അവരുടെ ശേഖരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത നെയ്ത്ത്, നൂൽനൂൽക്കൽ, ഡൈയിംഗ് രീതികൾ പഠിക്കാൻ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളും ഇവിടം സന്ദർശിക്കാറുണ്ട്. വർഷങ്ങളായി കുൽവി വിംസുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ ജോലി വരുമാനവും ആത്മവിശ്വാസവും നൽകുന്നു.
ഞങ്ങൾ സമ്പാദിക്കുകയും കുടുംബത്തെ പരിപാലിക്കുകയും ചെയ്യുന്നു. മുൻപേതന്നെ ഡൈയിംഗും നെയ്ത്തും പഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള എക്‌സിബിഷനുകളിൽ ഞങ്ങളുടെ കഴിവ് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദേശികൾ ഞങ്ങളുടെ കൈകൊണ്ട് നിർമ്മിച്ച ഉത്‌പന്നങ്ങളെ വിലമതിക്കുന്ന ഒന്നായി കാണുന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നു,” എന്ന് തൊഴിലാളിയായ നീമ പറയുന്നു.
തങ്ങളുടെ ശേഖരം പ്രദർശിപ്പിക്കാൻ അടുത്തിടെ ഓസ്‌ട്രേലിയയിലേക്ക് പോയ ലത, ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകൾ ഞങ്ങളുടെ നെയ്ത്തിൽ ആകൃഷ്‌ടരാണെന്ന് പറയുന്നു. “അവർ അത് പഠിക്കാൻ പോലും ആഗ്രഹിച്ചു. ഞങ്ങളുടെ പരമ്പരാഗത കരകൗശലവസ്‌തുക്കൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനം തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കൽ ഫോർ ലോക്കൽ’ ക്യാമ്പയ്‌നും ഞങ്ങളുടെ ആത്മവിശ്വാസവും ദൃശ്യപരതയും വർധിപ്പിച്ചു,” അവർ കൂട്ടിച്ചേർത്തു.
മിക്ക വാണിജ്യ സംരംഭങ്ങളിൽ നിന്നും വ്യത്യസ്‌തമായി കുൽവി വിംസ് രാസ ചായങ്ങൾ ഒഴിവാക്കുന്നു. “ആവശ്യമായ എല്ലാ വസ്‌തുക്കളും പ്രകൃതിദത്തമോ പ്രാദേശികമോ ആയ സസ്യജാലങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. ഇത് സമയമെടുക്കുന്നതാണെങ്കിലും സുരക്ഷിതവും സുസ്ഥിരവുമാണ്,” എന്നും ആചാര്യ പറയുന്നു.
ഫൗണ്ടേഷനിൽ പരിശീലനം നേടിയ ബെംഗളൂരുവിൽ നിന്നുള്ള ക്രാഫ്റ്റ് പ്രൊഡ്യൂസർ സാക്ഷി ഈ തൊഴിലിനെ പ്രശംസിച്ചു. “നൂലുകൾ സ്വാഭാവികമായി ചായം പൂശി കൈകൊണ്ട് നെയ്തെടുക്കുമ്പോൾ അവ നമുക്കും പരിസ്ഥിതിക്കും ഇണങ്ങുന്നതാണ്. ഏറ്റവും പ്രധാനമായി അവ മനുഷ്യ സ്‌പർശത്തിൻ്റെ ഉറവിടങ്ങളാണ്”, അവർ വിശദീകരിക്കുന്നു.
വിദേശീയർ പോലും വളരെയധികം ആകർഷിക്കപ്പെടുകയും ചെയ്യുന്നു. യുഎസിൽ നിന്നുള്ള ഒരു വിനോദസഞ്ചാരിയായ ആദ്യ പറയുന്നത് ഇപ്രകാരമാണ്. “കുളുവിൻ്റെ കമ്പിളി വസ്ത്രങ്ങളുടെ ആധികാരികതയാണ് തന്നെ ആകർഷിച്ചത്. ഇവിടത്തെ കൈകൊണ്ട് നിർമ്മിച്ച കമ്പിളി വസ്ത്രങ്ങൾ മനോഹരവും ശുദ്ധവുമാണ്”.
ഈ സംരംഭം കരകൗശലത്തിന് പുതുജീവൻ നൽകുകയും ജോലി ചെയ്യുന്നവർക്ക് സുസ്ഥിരമായ ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. മാത്രമല്ല, ഗ്രാമീണ സംരംഭകത്വത്തിൻ്റെയും സാംസ്‌കാരിക സംരക്ഷണത്തിൻ്റെയും ഒരു മാതൃകയാണ് ഈ വസ്‌ത്രനിർമ്മിതി. അറിവും വൈദഗ്ധ്യവുമാണ് ഏറ്റവും പ്രധാനം. ഈ സംരംഭത്തിൻ്റെ ഭാഗമായ എല്ലാവർക്കും മികച്ച ഭാവി വാഗ്‌ദാനം ചെയ്യുക കൂടി ചെയ്യുന്നുവെന്ന് ആചാര്യ അഭിമാനത്തോടെ പറയുന്നു.






