തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ബാധിക്കുന്നതിൻ്റെ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈയിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് ഫീൽഡ് തല പഠനം ആരംഭിച്ചു. കോഴിക്കോട് നിന്നാണ് പഠനം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ 2024 ഓഗസ്റ്റില്‍ കേരളത്തിലേയും ഐസിഎംആര്‍., ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിൻ്റെ തുടര്‍ച്ചയാണ് ഈ ഫീല്‍ഡുതല പഠനം.
മരണനിരക്ക് കുറച്ചു; കേരളം മാതൃക
അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയിലും പ്രതിരോധത്തിലും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിൽ 99% വരെ മരണനിരക്ക് രേഖപ്പെടുത്തുന്ന ഈ രോഗത്തിന് കേരളത്തിൽ ഫലപ്രദമായ ഇടപെടലുകളിലൂടെ 24% ആയി കുറയ്ക്കാൻ സാധിച്ചു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം പരിശോധനകള്‍ കൂടി നടത്താന്‍ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
രാജ്യത്ത് ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക പ്രോട്ടോകോൾ പുറപ്പെടുവിച്ചിരുന്നു. ഇത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സ നൽകാനും സഹായിച്ചു.
കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലെയും മൈക്രോബയോളജി വിഭാഗത്തിൽ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതിലൂടെ ചികിത്സ പെട്ടെന്ന് തുടങ്ങാനാകും.
അഞ്ച് തരം അമീബകളെ (Naegleria fowleri, Acanthamoeba sp. ഉൾപ്പെടെ) കണ്ടെത്താനുള്ള മോളിക്യുലാർ സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ സംവിധാനം സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ സജ്ജമാക്കി. തോന്നയ്ക്കല്‍ ഐഎവിയിലും ഇതിനുള്ള സംവിധാനം ഒരുക്കി വരുന്നു. നേരത്തെ പിജിഐ ചണ്ഡീഗഢിലായിരുന്നു ഈ പരിശോധന. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായത് ചികിത്സയ്ക്കും ഗവേഷണത്തിനും വലിയ സഹായകരമായി. ജലജന്യരോഗങ്ങൾ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ‘ജലമാണ് ജീവൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചതായും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.
പ്രതിരോധ മാര്‍ഗങ്ങള്‍
- നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
- നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നോസ് പ്ലഗ് ഉപയോഗിക്കുക അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
- ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
- ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
- നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത് ശരിയായ രീതിയില്‍ പരിപാലിക്കണം.
- സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
- തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
- ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
- ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
- പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
- ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
- പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.







