മോന്ത ചുഴലിക്കാറ്റ് ; 100 ട്രെയിനുകള്‍ റദ്ദാക്കി, വിമാന സര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രത നിര്‍ദേശം

0
35

മോന്ത ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. ചൊവ്വാഴ്‌ച (ഒക്ടോബർ 28) വൈകുന്നേരമോ രാത്രിയിലോ ആന്ധ്രതീരം തൊടും. ഈ സാഹചര്യത്തില്‍ തീരത്ത് ഉയർന്ന വേലിയേറ്റമുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കരയിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ആന്ധ്രയില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളം, ഒഡീഷ, തമിഴ്‌നാട്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്‍റെ ആഘാതം ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട നിരവധി പാസഞ്ചർ, എക്‌സ്‌പ്രസ് ട്രെയിനുകള്‍ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 100 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.

വിജയവാഡ, രാജമുൻഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് ബാധിക്കുന്നത്. ചില ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. പല ട്രെയിനുകളും ഹ്രസ്വദൂരം മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. ഒക്‌ടോബര്‍ 28 ന് ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് ടിറ്റ്‌ലാഗഡ് ജംഗ്ഷൻ-ലഖോലി-റായ്പൂർ-നാഗ്പൂർ-ബൽഹർഷ സ്റ്റേഷനുകൾ വഴി തിരിച്ചുവിടും.

വിമാന സര്‍വീസുകള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയായതിനാല്‍ വിമാന സര്‍വീസുകളും റദ്ദാക്കി. ഒക്ടോബർ 28ന് സര്‍വീസ് നടത്തേണ്ടിയിരുന്നു ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ ടിക്കറ്റ് നില പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്ടിലും കേരളത്തിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പടിഞ്ഞാറൻ ദിശയിലേക്കാണ് നീങ്ങുന്നത്. തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈ, ചെങ്കൽപ്പട്ട്, കാഞ്ചീപുരം, റാണിപേട്ട്, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈയിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ബംഗാളിലും മഴ ശക്തമായി.

തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദില ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി ഫോണിലൂടെ സംസാരിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കി. കേന്ദ്രസഹായം മോദി ഉറപ്പു നല്‍കി.

ആന്ധ്രയില്‍ കൃഷ്‌ണ ജില്ല, ഗുണ്ടൂര്‍, ബാപട്‌ല, എന്‍ടി ആര്‍, പല്‍നാട്, പശ്ചിമ ഗോദാവരി എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്‍ഡി ആര്‍ എഫ്, പഞ്ചായത്ത് , എഞ്ചിനിയറിംഗ് സംഘം, റോഡ്- കെട്ടിടനിര്‍മാണ ഉദ്യോഗസ്ഥര്‍, വൈദ്യുതി വകുപ്പ്, എന്നിവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ഇടങ്ങളില്‍ നേരത്തെ തന്നെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

സുരക്ഷാ നടപടികൾ

സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, എല്ലാ ഡിവിഷണൽ ആസ്ഥാനങ്ങളിലും 24 മണിക്കൂറും നിരീക്ഷണവും അടിയന്തര നിയന്ത്രണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തത്സമയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗസ്ഥർ കാലാവസ്ഥ വകുപ്പുമായി തുടർച്ചയായി ഏകോപിപ്പിക്കുന്നു.

പ്രധാന സ്ഥലങ്ങളിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് പ്രധാന സ്റ്റേഷനുകളിൽ ഭക്ഷണം, വെള്ളം, ഷെൽട്ടറുകൾ എന്നിവ സജ്ജീകരിച്ചുകൊണ്ട് ദുരിതാശ്വാസ സാമഗ്രികൾ തയ്യാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here