വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

0
28

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും.

അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.

അതേസമയം മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ നടന്‍ പൃഥ്വിരാജ് സുകുമാരൻ വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യ vs ന്യൂസിലാൻഡ് ടി20 പരമ്പര ഷെഡ്യൂൾ

  • ആദ്യ ടി20 – ജനുവരി 21 – നാഗ്പൂർ
  • രണ്ടാം ടി20 – ജനുവരി 23 – റായ്പൂർ
  • മൂന്നാം ടി20 – ജനുവരി 25 – ഗുവാഹത്തി
  • നാലാം ടി20 – ജനുവരി 28 – വിശാഖപട്ടണം
  • അഞ്ചാം ടി20 – ജനുവരി 31 – തിരുവനന്തപുരം

LEAVE A REPLY

Please enter your comment!
Please enter your name here