ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് മഹുവ മൊയ്ത്ര

0
20

ബംഗാളില്‍ ഇത് കൂറുമാറ്റക്കാലമാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ആകെ ഉലഞ്ഞിരിക്കുന്ന ടിഎംസിയെ ഒന്ന് കുലുക്കിയിരിക്കുകയാണ് ലോക്‌സഭ എംപി മഹുവ മൊയ്ത്ര. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് മനസ് തുറന്നുകൊണ്ട് പുതിയൊരു കോലാഹലത്തിനാണ് മഹുവ മൊയ്ത്ര തിരികൊളുത്തിയത്. ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. രാഷ്ട്രീയ പാതകള്‍ വ്യത്യസ്തമായിരുന്നിട്ടും സുവേന്ദു അധികാരിയുമായി വൈകാരികമായ ബന്ധം ഉണ്ടെന്നാണ് മഹുവയുടെ വെളിപ്പെടുത്തല്‍.

സുവേന്ദു അധികാരിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് അവര്‍ പറഞ്ഞു. ടിഎംസിയില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ അദ്ദേഹം എന്നെ വളരെയധികം പിന്തുണച്ചിരുന്നുവെന്നും വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സുവേന്ദു പിന്തുണച്ചിരുന്നുവെന്നത് അവര്‍ ഓര്‍ത്തെടുത്തു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്ന് മൊയ്ത്ര പറഞ്ഞു. 2014ല്‍ എനിക്ക് ലോക്സഭാ ടിക്കറ്റ് ലഭിക്കേണ്ടതായിരുന്നു, പക്ഷേ ലഭിച്ചില്ല. രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. ആ സമയത്ത്, എന്നെ ആശ്വസിപ്പിച്ചത് സുവേന്ദു ആയിരുന്നു. ഞാന്‍ ആദ്യമായി കരീംപൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍, ആരും എനിക്ക് വേണ്ടി പ്രചാരണത്തിന് വന്നിരുന്നില്ല. ആദ്യ റാലി നടത്തിയത് സുവേന്ദു അധികാരിയാണ്. ഇന്നും നിങ്ങള്‍ക്ക് ചിത്രങ്ങള്‍ കാണാം, സുവേന്ദുവും ഞാനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ – മൊയ്ത്ര പറഞ്ഞു.

തങ്ങള്‍ സ്ഥിരമായി പരസ്പരം സംസാരിക്കുന്നവരല്ലെന്ന് മൊയ്ത്ര പറഞ്ഞു. എന്നാല്‍, വ്യക്തിബന്ധങ്ങള്‍ പാര്‍ട്ടി പരിധികള്‍ക്കപ്പുറമാണെന്നും അവര്‍ പറഞ്ഞു. സുവേന്ദു ഇന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറി. ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല. എന്നാലും അദ്ദേഹം നല്‍കിയ പിന്തുണ എനിക്ക് മറക്കാന്‍ സാധിക്കില്ല – അവര്‍ വ്യക്തമാക്കി. തന്റെ ആട്ടിന്‍പറ്റത്തെ ഒരുമിച്ച് നിര്‍ത്താന്‍ മമത വളരെയധികം കഷ്ടപ്പെടുന്ന സമയത്താണ് മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍.

മമത ബാനര്‍ജിയുമായുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് 2020ലാണ് അധികാരി തൃണമൂല്‍ വിട്ടത്. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേരുകയും ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്തു.

തൃണമൂലിന്റെ ‘ശുദ്ധീകരണം’ എന്ന് താന്‍ വിശേഷിപ്പിച്ച കാര്യത്തിന് മൊയ്ത്ര സുവേന്ദുവിനോട് ‘നന്ദി’ പറയുകയും ചെയ്തു. മമതയ്ക്ക് സാധിക്കാത്ത കാര്യം സുവേന്ദുവും ബിജെപിയും ഒറ്റ ദിവസം കൊണ്ട് ചെയ്തുവെന്ന് അവര്‍ അവകാശപ്പെട്ടു. ടിഎംസി നേതാക്കളുമായി വ്യക്തിപരമായ സമവാക്യം നിലനിര്‍ത്താനാണ് മമത ഇഷ്ടപ്പെടുന്നത്. കഴിവില്ലാത്ത, ഒന്നിനും കൊള്ളാത്ത നേതാക്കളെ പോലും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു എന്നതാണ് പാര്‍ട്ടിയുടെ പരാജയം. ഈ നേതാക്കള്‍ക്ക് സ്വന്തമായി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുമായിരുന്നോ എന്ന് മമത പുനഃപരിശോധിക്കണമായിരുന്നു. ബിജെപിക്ക് ശക്തമായ ഒരു കേഡര്‍ ഉണ്ട്. അവര്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നു. വ്യക്തമായ ഒരു ഹിന്ദുത്വ പ്രത്യയശാസ്ത്രവുമുണ്ട്. ഒരൊറ്റ വ്യക്തിയെ ആശ്രയിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത് – അവര്‍ വ്യക്തമാക്കി. അതേസമയം തന്നെ ടിഎംസി കോണ്‍ഗ്രസില്‍ ലയിക്കില്ലെന്നും അത്തരം റിപ്പോര്‍ട്ടുകളില്‍ ഒരു സത്യവുമില്ലെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here