നിറയെ മഞ്ഞുപാളികളും ഐസുകട്ടപോലെ തോന്നിക്കുന്ന മേശയും കൂട്ടിന് ഓടിനടക്കുന്ന പെന്‍ഗ്വിനുകളുമെല്ലാമുള്ള ഒരു റസ്റ്ററന്റ്… എപ്പോഴെങ്കിലും അത്തരത്തിലൊരു അന്തരീക്ഷത്തെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇതിനായി സ്‌കീ ദുബായിൽ പോയാൽ മതി. അവിടുത്തെ ‘ഡിന്നര്‍ വിത്ത് പെന്‍ഗ്വിന്‍സി’ല്‍ പോയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോയി ല്യൂ എന്ന യുവതി. റസ്റ്ററന്റിലെത്തി ഭക്ഷണം കഴിക്കുന്നതിന്റെയും ചുറ്റും പെന്‍ഗ്വിനുകള്‍ നടക്കുന്നതിന്റേയുമെല്ലാം ദൃശ്യങ്ങളാണ് യുവതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.
പെന്‍ഗ്വിനുകള്‍ക്കൊപ്പം അത്താഴം കഴിക്കുന്നതെങ്ങനെയിരിക്കും? ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ അവ നിങ്ങളെ പ്രേരിപ്പിക്കും’ എന്ന് കുറിച്ച വീഡിയോയാണ് യുവതി പങ്കുവെച്ചത്. ജീവിതത്തില്‍ ഇത്രമേല്‍ അത്ഭുതപ്പെട്ടുനിന്നിട്ടില്ല എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
പെന്‍ഗ്വിനുകള്‍ക്ക് അനുയോജ്യമായ തണുത്ത അന്തരീക്ഷമാണ് റസ്റ്റന്റില്‍ ഒരുക്കിയിരിക്കുന്നത്. ആളുകള്‍ ഭക്ഷണം കഴിക്കുമ്പോള്‍ റസ്റ്ററന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന പെന്‍ഗ്വിനുകളെ വീഡിയോയില്‍ കാണാം. നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ഇതിനകം 2.2 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.
ഡിന്നര്‍ വിത്ത് പെന്‍ഗ്വിന്‍സ് എന്ന ആശയം നടപ്പാക്കിയ ഈ റസ്റ്ററന്റില്‍ പെന്‍ഗ്വിനുകള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും അവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുമെല്ലാം ആളുകള്‍ക്ക് അവസരമുണ്ട്. ഒരു വെല്‍കം ഡ്രിങ്ക്, സൂപ്പ്, പ്രധാന ഭക്ഷണം, ഡെസേട്ട്, മറ്റ് രണ്ട് പാനീയങ്ങള്‍ എന്നിവയാണ് ഡിന്നറിനുണ്ടാവുക. റസ്റ്ററന്റില്‍ വരാനുദ്ദേശിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്തിരിക്കണം. വൈകീട്ട് 7 മണിക്ക് മുമ്പായാണ് ററസ്റ്ററന്റില്‍ എത്തേണ്ടത്. അത് കഴിഞ്ഞെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
അകത്ത് പ്രവേശിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്‌നോ ബൂട്ടുകള്‍, സോക്‌സുകള്‍, ജാക്കറ്റ്, ട്രൗസേഴ്‌സ്, 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ഹെല്‍മറ്റ് എന്നിവ റസ്റ്ററന്റില്‍ നിന്ന് നല്‍കും.