മമ്മൂട്ടിയുടെ കാതല്‍ വന്‍ ലാഭത്തിലേക്ക്,

0
77

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമായിരുന്നു ജിയോ ബേബിയുടെ കാതല്‍. കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിന് വലിയ അഭിനന്ദനങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു. അതുപോലെ അന്യഭാഷയില്‍ നിന്നടക്കം ചിത്രത്തിന്റെ ഉള്ളടക്കം പ്രശംസയേറ്റ് വാങ്ങിയിരുന്നു. അതേസമയം നിരൂപക പ്രശംസ മാത്രമല്ല, ചിത്രം ബോക്‌സോഫീസിലും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചാണ് ചിത്രം മുന്നേറുന്നത്.

സ്വവര്‍ഗാനുരാഗം പ്രമേയമായ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് കാതല്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ ഇപ്പോഴും 150ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. എട്ട് ദിവസം പിന്നിടുമ്പോള്‍ കാതല്‍ ആഗോള തലത്തില്‍ പത്ത് കോടിയിലേറെ കളക്ഷന്‍ നേടിയിരിക്കുകയാണ്.

മോളിവുഡ് ബോക്‌സോഫീസ് ട്വിറ്റര്‍ ഹാന്റിലില്‍ വന്ന കണക്കുകളാണിത്. കേരളത്തില്‍ നിന്ന് 7.95 കോടിയാണ് ചിത്രം നേടിയതെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിനത്തില്‍ 1.05 കോടിയായിരുന്നു ചിത്രം നേടിയത്. രണ്ടാം ദിനം 1.25 കോടിയും, മൂന്നാം ദിനം 1.6 കോടിയും, നാലാം ദിനം 1.75 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു. വര്‍ക്കിംഗ് ഡേയ്‌സില്‍ ചിത്രം ഭേദപ്പെട്ട കളക്ഷനും നേടിയിരുന്നു.

ആദ്യ തിങ്കളാഴ്ച്ച 72 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്. എട്ടാം ദിനത്തില്‍ 43 ലക്ഷമാണ് കാതലിന്റെ കളക്ഷന്‍. ഓവര്‍സീസ് കളക്ഷന്‍ ഒരു കോടി രൂപയാണ്. ആഗോള തലത്തില്‍ മൊത്തം 10.4 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മമ്മൂട്ടി കമ്പനിക്ക് ഈ വര്‍ഷം മറ്റൊരു പടം കൂടി ഹിറ്റായിരിക്കുകയാണ്.

ഈ വര്‍ഷം രണ്ട് പടം ഹിറ്റാക്കുന്ന ഏക നിര്‍മാണ കമ്പനിയും ഇതോടെ മമ്മൂട്ടി കമ്പനിയായിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയുടെ തന്നെ കണ്ണൂര്‍ സ്‌ക്വാഡ് വമ്പന്‍ വിജയം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here