ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. കെകെആർ ഉയർത്തിയ താരതമ്യേന ചെറിയ സ്‌കോർ 7 വിക്കറ്റ് നഷ്‌ടത്തിലാണ് ചെന്നൈ മറികടന്നത്. സിഎസ്കെയ്ക്ക് വേണ്ടി നായകൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് അർധ സെഞ്ച്വറി നേടി.
ചെന്നൈക്ക് വേണ്ടി ഓപ്പൺ ചെയ്‌ത യുവതാരം രചിൻ രവീന്ദ്ര മത്സരം പെട്ടെന്ന് തീർക്കാൻ ധൃതി കാട്ടി. എന്നാൽ അതിന് അധികം ആയുസുണ്ടായില്ല. താരം എട്ട് പന്തിൽ 15 റൺസുമായി മടങ്ങി. അപകടം മണത്ത ഋതുരാജ് ഒരറ്റത്ത് ഉറച്ചു നിൽക്കുകയായിരുന്നു. കുറഞ്ഞ വിജയലക്ഷ്യം പിന്തുടരുമ്പോൾ കാണിക്കേണ്ട പക്വത താരത്തിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു.
മൂന്നാമനായി ക്രീസിൽ എത്തിയ ഡാരിൽ മിച്ചൽ ഋതുരാജിന് മികച്ച പിന്തുണയാണ് നൽകിയത്. താരം 19 പന്തിൽ 25 റൺസാണ് നേടിയത്. പിന്നാലെ എത്തിയ ശിവം ദുബെ തന്റെ ഈ സീസണിലെ ഫോം വെറുതെയല്ല എന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പതിയെ ക്യാപ്റ്റന് കൂട്ടായി ക്രീസിൽ നിൽക്കാനായിരുന്നു താരം ശ്രമിച്ചത്.
കെകെആർ ബൗളർമാർ ശരിക്കും മത്സരത്തിൽ കാഴ്‌ചക്കാരായിരുന്നു. ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആനുകൂല്യം സിഎസ്കെ മുതലാക്കുക കൂടി ചെയ്‌തതോടെ കെകെആറിന്റെ തോൽവി പൂർണമായി. ഒടുവിൽ രണ്ടോവറുകൾ ശേഷിക്കെയാണ് സിഎസ്കെ സീസണിലെ ടീമിന്റെ മൂന്നാം ജയം സ്വന്തമാക്കിയത്. ഋതുരാജ് ഗെയ്‌ക്ക്‌വാദ് പുറത്താകാതെ 58 പന്തിൽ 67 റൺസാണ് നേടിയത്. മത്സരത്തിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.