വിവാദ സിനിമയായ ദി കേരളാ സ്റ്റോറി വ്യാപകമായി പ്രദർശിപ്പിക്കുന്നതിന് തുടക്കമിട്ട് താമരശ്ശേരി രൂപത. കഴിഞ്ഞദിവസം ഇടുക്കി രൂപത വിദ്യാർത്ഥികൾക്കു വേണ്ടി ഈ ചിത്രത്തിന്റെ പ്രദർശനം നടത്തിയത് വിവാദമായതിനു പിന്നാലെയാണ് താമരശ്ശേരി രൂപതയും പുതിയ നീക്കം നടത്തിയിരിക്കുന്നത്.
രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ സ്ഥലങ്ങളിൽ പ്രദർശനം നടത്താനാണ് പദ്ധതി. ചിത്രം പരമാവധി പേര്‍ കാണണമെന്നും ലിങ്ക് ഷെയര്‍ ചെയ്യണമെന്നും രൂപതയില്‍ നിര്‍ദേശം നല്‍കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ദി കേരളാ സ്റ്റോറി എന്ന ചിത്രം നിരോധിക്കപ്പെട്ടിട്ടില്ല എന്ന പ്രസ്താവനയോടെ കേരളാ കത്തോലിക് യൂത്ത് മൂവ്മെന്റ് താമരശ്ശേരി രൂപതയുടെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പർദ്ദ ധരിച്ചു നിൽക്കുന്ന സ്ത്രീകളുടെ ചിത്രമടങ്ങിയ പോസ്റ്ററിനൊപ്പം നൽകിയ കുറിപ്പിൽ ഒരു സമുദായത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നില്ലെന്ന അവകാശവാദവും കാണാം.
“ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും,” പോസ്റ്ററിൽ പറയുന്നു. യാതൊരു വർഗീയതയുമില്ലാതെയാണ് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതെന്ന് ഇടുക്കി അതിരൂപതയും അവകാശപ്പെട്ടിരുന്നു.