നൈജീരിയ തടഞ്ഞുവെച്ച കപ്പല്‍ മോചിപ്പിച്ചു, മൂന്ന് മലയാളികളും കപ്പലില്‍

0
91

നൈജീരിയയില്‍ തടഞ്ഞുവച്ച ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുന്‍ മോചിപ്പിച്ചു. കപ്പലിലെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ജീവനക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ ഇന്ന് കൈമാറും. ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞു വയ്ക്കപ്പെട്ട കപ്പല്‍ നൈജീരിയയ്ക്ക് കൈമാറുകയായിരുന്നു. ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു നൈജീരിയന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മോചനം.

കൊച്ചി സ്വദേശികളായ ചീഫ് ഓഫിസര്‍ ക്യാപ്റ്റന്‍ സനു ജോസ്, മില്‍ട്ടന്‍ ഡിക്കോത്ത്, കൊല്ലം സ്വദേശി വി.വിജിത് എന്നിവരാണു കപ്പലിലുള്ള മലയാളികള്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ സഹോദരനാണ് വിജിത്ത്. സഹായം തേടി വിജിത്ത് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വീഡിയോകളിലൂടെ രംഗത്തെത്തിയിരുന്നു.

കപ്പല്‍ നൈജീരിയന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോര്‍ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ക്രൂഡ് ഓയില്‍ നിറയ്ക്കാനുള്ള സാങ്കേതിക അനുമതി ലഭിച്ചില്ല. ഇതോടെ കപ്പല്‍ പുറത്തുപോകാന്‍ നിര്‍ദേശം ലഭിച്ചു. ഇതിന് പിന്നാലെ നൈജീരിയന്‍ നാവിക സേനയെന്ന പേരില്‍ ഒരു അജ്ഞാത കപ്പല്‍ എംടി ഹീറോയിക് ഇഡുനെ പിന്തുടര്‍ന്നു. ഇവര്‍ കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി കപ്പല്‍ വേഗം മറ്റൊരു സ്ഥലത്തേക്ക് മാറിയെങ്കിലും പിന്നീട് ഗിനി നാവികസേനക്ക് മുന്നില്‍പ്പെടുകയായിരുന്നു. ഇവരാണ് കപ്പല്‍ നൈജീരിയയ്ക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here