തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
കേസിലെ മൂന്നാം പ്രതി രാജീവിന്റെ ഉടമസ്ഥതയിലുള്ള സ്കോര്‍പിയോ, മാരുതി ഡിസൈര്‍ വാഹനങ്ങളാണ് തെളിവെടുപ്പിനിടെ കണ്ടെടുത്തത്. ഒരു ബുള്ളറ്റും ബൈക്കും കണ്ടെടുത്തു. പലയിടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങള്‍. നേരത്തേ ഒരു ഇന്നോവ കാറും പിടിച്ചെടുത്തിരുന്നു.
തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയതെന്ന് രാജീവ് മൊഴിനല്‍കിയിരുന്നു. മണക്കാടിന് സമീപം പയറ്റിക്കുപ്പത്തുള്ള രാജീവിന്റെ വീട്ടിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്ന വീടുകളിലും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
രാജീവിന്റെയും കേസിലെ മറ്റൊരു പ്രതിയായ ഹരികുമാറിന്റെയും ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളിലും ബി.എസ്.എന്‍.എല്‍ സഹകരണ സംഘത്തിലും പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്‌ചയും തെളിവെടുപ്പ് തുടരും.