ഇസ്രയേൽ പോലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിർമ്മാണ യൂണിറ്റ്

0
78

ഇസ്രയേല്‍ പോലീസിന് യൂണിഫോം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിർത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിർമ്മാണ യൂണിറ്റായ മരിയ അപ്പാരല്‍സ്. പലസ്‌തീൻ ജനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓർഡറുകള്‍ സ്വീകരിക്കില്ലെന്നും മരിയ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കൽ അറിയിച്ചു.

‘വളരെ അപ്രതീക്ഷിതമായി അകത്ത് കയറി നിരപരാധികളെ കൊന്നൊടുക്കുകയാണ്. അതൊക്കെ ഏത് ഇസത്തിന്റെ പേരിലായാലും മനുഷ്യത്വമുള്ള ഒരുവ്യക്തി എന്ന നിലയില്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. മനഃസാക്ഷിക്ക് ഒപ്പം നില്‍ക്കുകയെന്ന പോളിസിക്കാരനാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ എത്ര നഷ്‌ടം വന്നാലും അത് സഹിക്കാന്‍ തയ്യാറാണ്’ തോമസ് പറയുന്നു.

യുദ്ധം തുടങ്ങിയപ്പോള്‍ കൂടുതല്‍ യൂണിഫോമിനുള്ള ഓർഡറുകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കമ്പനിയുടെ നിലപാട് അവരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും തോമസ് ഓലിക്കൽ അറിയിച്ചു. മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പിലാണ് പ്രവർത്തിക്കുന്നത്.

കൂത്തുപറമ്പിലെ നിര്‍മാണ യൂണിറ്റിലാണ് ഈ യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും അവ പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.

കഴിഞ്ഞ എട്ട് വർഷത്തോളമായി ഇസ്രയേല്‍ പോലീസിനും ജയില്‍ വകുപ്പിനുമുള്ള യുണിഫോം നിർമ്മിച്ച് നല്‍കുന്നത് ഈ കമ്പനിയില്‍ നിന്നാണ്. ഒരോ വർഷവും 1,75,000 ത്തിലേറെ യൂണിഫോമുകളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. ഈ ഡിസംബർ വരെയാണ് ഇസ്രയേല്‍ സേനയുമായുള്ള കരാർ.

ഇസ്രയേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍സ് ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവയെല്ലാം ഈ വസ്ത്ര നിര്‍മാണ കമ്പനിയിൽ നിന്ന് നിർമ്മിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.

നിലവിൽ 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. അതിൽ തന്നെ 95 ശതമാനം ജീവനക്കാരും വനിതകളാണ്.  50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്.

അതേസമയം, ഇസ്രായേൽ പോലീസിനുള്ള യൂണിഫോം വിതരണം മരിയ അപ്പാരൽസ്‌ നിർത്തിവച്ചതായി വ്യവസായ മന്ത്രി പി രാജീവും തൻെറ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

മരിയൻ അപ്പാരൽസുമായി ബന്ധപ്പെട്ട വിവരങ്ങളും തന്റെ പോസ്‌റ്റിലൂടെ മന്ത്രി പങ്കുവെച്ചു. മിഡില്‍ ഈസ്‌റ്റിലെ പല സ്‌കൂളുകള്‍ക്കും, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും യൂണിഫോമുകളും, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ ഒരു സ്ഥാപനമാണ് ഈ വാർത്തകളിലൂടെ വീണ്ടും ശ്രദ്ധയിലെത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here