ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്ത്. ഡയമണ്ട് പാസ് ഉണ്ടായിരുന്നിട്ടും തനിക്കും മക്കൾക്കും പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. സംഭവത്തിൽ എആർറഹ്‌മാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മാനേജ്‌മെന്റിന്റെ പരാജയമാണിതെന്നും ഖുശ്ബു പറഞ്ഞു.
‘ആരാധകരെ നിരാശരാക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്‌മാൻ. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാതിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വേദിയിലെത്താൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആർ റഹ്‌മാനല്ല അതിന് ഉത്തരവാദി. മാനേജ്മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും സ്നേഹവും സമാധാനവും പടർത്തുന്ന വ്യക്തിയാണ് റഹ്‌മാൻ. അദ്ദേഹത്തിനൊപ്പം നിൽക്കൂ’- ഖുശ്ബു കുറിച്ചു.
ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസിൽ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് വിവാദമായത്. ടിക്കറ്റെടുത്ത് നിരവധി പേർക്ക് സംഗീത നിശ നടക്കുന്ന ഇടത്തേയ്ക്ക് എത്താൻ പോലും ആയിരുന്നില്ല. 25,000 സീറ്റുകൾ ഉണ്ടായിരുന്ന പാലസിൽ 50,000ത്തോളം പേരാണ് എത്തിയത്. വൻ തുക ഈടാക്കി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പോലും പരിപാടി കാണാൻ സാധിച്ചിരുന്നില്ല.
ആരാധകർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് മാപ്പ് പറഞ്ഞ് എആർ റഹ്‌മാൻ എത്തിയിരുന്നു. സംഭവിച്ച വിഷയങ്ങളിൽ താൻ വളരെ അസ്വസ്ഥനാണെന്നും ആരുടേയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും എആർ റഹ്‌മാൻ പറഞ്ഞിരുന്നു.