പോക്കറ്റ്മണി ഉപയോഗിച്ച് പരിക്കേറ്റ പശുക്കളെ പരിപാലിച്ച് കൈയ്യടി നേടുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ഥികള്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ നവാല്‍ഗഢ് തെഹ്‌സില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ഈ സത്കര്‍മത്തിന്റെ പേരില്‍ ശ്രദ്ധ നേടുന്നത്. പശുക്കളെ ശുശ്രൂഷിക്കുന്നതിനായി വിദ്യാര്‍ഥികള്‍ ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു. കര്‍മ ചികിത്സാലയ എന്നറിയപ്പെടുന്ന ഈ ക്ലിനിക്കില്‍ പശുക്കളുടെ ചികിത്സയ്ക്കാവശ്യമായ പണം നല്‍കുന്നത് വിദ്യാര്‍ഥികളാണ്. കര്‍മ ചികിത്സാലയ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുവര്‍ഷമായെന്ന് ഇതിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളിലൊരാളായ അരവിന്ദ് പറഞ്ഞു.
ഒരിക്കൽ റോഡരികില്‍ പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന ഒരു പശുവിനെ താന്‍ കണ്ടു. അത് തന്നെ ഏറെ വേദനിപ്പിച്ചു. രോഗം ബാധിച്ചതും പരിക്കേറ്റതുമായ പശുക്കളെ തന്നാല്‍ ആവുന്നവിധം സഹായിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അരവിന്ദ് പറഞ്ഞു. കംപോണ്ടര്‍, ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ ഒരു സംഘം മൃഗങ്ങളെ സഹായിക്കുക എന്ന ഈ മഹത്തായ ലക്ഷ്യം നിറവേറ്റാന്‍ അരവിന്ദിന് കൂട്ടായി എപ്പോഴുമുണ്ട്. മൃഗങ്ങളെ പരിപാലിക്കുന്നതിനായി അരവിന്ദ് തന്നെ മുന്നോട്ട് വന്ന് ചെറിയൊരു സംഘത്തിന് രൂപം നല്‍കുകയായിരുന്നു. ഇതിലേക്ക് വിദ്യാര്‍ഥികളെ അംഗങ്ങളായി ചേര്‍ത്തു.
തുടക്കത്തില്‍ പശുക്കളുടെ പരിപാലനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഒട്ടേറെ മൃഗങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് പിന്നീട് മനസ്സിലായി. തുടര്‍ന്ന് സഹായം മറ്റുമൃഗങ്ങളിലേക്കും എത്തിക്കുകയായിരുന്നു. നായകള്‍, കഴുതകള്‍ തുടങ്ങി 15 മുതല്‍ 20 മൃഗങ്ങളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റുകിടക്കുന്ന മൃഗങ്ങളെക്കുറിച്ച് നാട്ടുകാരാണ് തങ്ങള്‍ക്ക് വിവരം നല്‍കുന്നതെന്ന് അരവിന്ദ് പറഞ്ഞു. അരവിന്ദ് അവിടെയെത്തി മൃഗങ്ങളെ തന്റെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും.
മൃഗങ്ങളുടെ മികച്ച ആരോഗ്യത്തിനായി താന്‍ എല്ലാത്തരം ഇഞ്ചക്ഷനുകളും സര്‍ജറിയും ചെയ്യാന്‍ ക്രമീകരണം നടത്താറുണ്ടെന്ന് അരവിന്ദ് പറഞ്ഞു. സംഘത്തിലെ മറ്റൊരംഗമായ ഗോപാല്‍ ആണ് പശുക്കളെ പരിപാലിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. ഗ്രാമവാസികള്‍ വിദ്യാര്‍ഥികളുടെ ഈ ഉദ്യമത്തില്‍ ഏറെ സന്തോഷഭരിതരാണ്. അവര്‍ എല്ലാ സഹായവും വിദ്യാര്‍ഥികള്‍ക്ക് ചെയ്തു നല്‍കുന്നു. ഗ്രാമത്തിന് പുറത്തുള്ളവരും വിദ്യാര്‍ഥികളുടെ ഈ പ്രവര്‍ത്തിയില്‍ വളരെ പ്രചോദിതരാണ്. അവരില്‍ നിന്നും തങ്ങളുടെ ആശുപത്രിക്ക് ഏറെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഗോപാല്‍ പറയുന്നു.