തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായ ഉദയനിധി സ്‌റ്റാലിനെതിരെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മുംബൈയിലെ മീരാ റോഡ് പോലീസ് സ്‌റ്റേഷനിൽ പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തിയതിനുമാണ് (ഐപിസി 295 എ) എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
കഴിഞ്ഞയാഴ്‌ച ഉത്തർപ്രദേശിലെ രാംപൂരിൽ ഡിഎംകെ നേതാവിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഉദയനിധിക്കെതിരെ മറ്റൊരു പരാതി കൂടി ഫയൽ ചെയ്‌തിട്ടുണ്ട്.
അതേസമയം, ഭരണകക്ഷി നേതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ ഒരു സംഘം ചൊവ്വാഴ്‌ച സംസ്ഥാന പോലീസിന് നിവേദനം കൈമാറിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചതിനെ തുടർന്നാണ് ഈ മാസം ആദ്യം വിവാദം ആരംഭിച്ചത്. സനാതന ധർമ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്‌തിരുന്നു.
“സനാതനത്തെ എതിർക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്” ഉദയനിധി പറഞ്ഞു. ദേശീയ തലത്തിൽ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും തന്റെ പരാമർശങ്ങൾ വംശഹത്യയുടെ ആഹ്വാനമായി തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്നും ഉദയനിധി പ്രതികരിച്ചു.