രാജ്യമെമ്പാടുമായി 89 പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ). ടെക്‌നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിച്ചതിനെ തുടർന്നാണ് പുതിയ കോളേജുകൾ തുടങ്ങാന്‍ എഐസിടിഇ അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ, വിഎല്‍എസ്‌ഐ (സെമികണ്ടക്ടര്‍) ഡിസൈന്‍, ലോജിസ്റ്റിക്‌സ്, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിന് 80 സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി. ഈ കോളേജുകളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പുതുതായി അനുമതി നല്‍കിയ കോഴ്‌സുകളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതാദ്യമായാണ് ഈ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അനുവദിക്കുന്നതെന്നും എഐസിടിഇ വ്യക്തമാക്കി. മിക്ക കോഴ്‌സുകളും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് കോഴ്‌സിന് കീഴിലാണ് വരുന്നത്. എന്നാല്‍, ഈ കോഴ്‌സുകള്‍ നടത്താന്‍ താത്പര്യപ്പെടുന്ന കോളേജുകള്‍ക്ക് അനുമതി നല്‍കുമെന്നും അധികൃതർ അറിയിച്ചു.
ഇത്തരം കോഴ്‌സുകള്‍ തുടങ്ങുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, ഇപ്പോഴാണ് ഇലക്ട്രോണിക്‌സിലെ ഈ സുപ്രധാന വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത്.
ഇതുവരെ വളരെ കുറച്ച് കോളേജുകളില്‍ മാത്രമാണ് വിഎല്‍എസ്‌ഐ ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്‌സുകള്‍ നല്‍കിയിരുന്നത്. ചില ഐഐടികളിലും ഈ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് ചിപ് ഡിസൈനിങ്ങും നിര്‍മാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കോഴ്‌സുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ പ്രൊഫഷണലുകളെയും മേഖലയില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ഥികളെയും സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എഐസിടിഇ സെക്രട്ടറി പ്രൊഫ. രാജീവ് കുമാര്‍ പറഞ്ഞു.
വലിയ തോതില്‍ സെമി കണ്ടക്ടര്‍ വ്യവസായങ്ങള്‍ രാജ്യത്ത് തുടങ്ങുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുമുമ്പ് മേഖലയില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പുതിയ കോഴ്‌സിനുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി മികച്ച അധ്യാപകരെ കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെക്കൂടാതെ, ഐഐടികളില്‍ നിന്നും അധ്യാപകരെ കണ്ടെത്തും. തുടക്കത്തില്‍ സീറ്റുകളിലേക്ക് ആവശ്യത്തിന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക ചില സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍, വലിയ തോതില്‍ വിദ്യാര്‍ഥികള്‍ താത്പര്യം പ്രകടിപ്പിക്കുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ അവര്‍ക്ക് ഉണ്ടെന്ന് രാജീവ് കുമാര്‍ പറഞ്ഞു.
അടുത്ത 10 വർഷത്തിനുള്ളിൽ 85,000 സെമി-കണ്ടക്ടർ പ്രൊഫഷണലുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021ൽ കേന്ദ്ര സർക്കാർ ‘സെമികോൺ ഇന്ത്യ’ എന്ന പദ്ധതി ആരംഭിച്ചത്. നരേന്ദ്ര മോദി സർക്കാർ വികസനത്തിന് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന മേഖലകളാണ് പിഎം ഗതിശക്തി (ലോജിസ്റ്റിക്സ്), സെമി-കണ്ടക്ടറുകൾ (വിഎൽഎസ്ഐ), 5 ജി തുടങ്ങിയവ.
എഐസിടിഇ അനുവദിച്ച 89 എഞ്ചിനീയറിംഗ് കോളേജുകളിൽ 44 എണ്ണം സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളും 27 എണ്ണം സർക്കാർ കോളേജുകളുമണ്. ബാക്കിയുള്ളവ സർക്കാർ സ്വകാര്യ സർവകലാശാലകളായിരിക്കും.
കഴിഞ്ഞ മാർച്ചിലാണ് എഐസിടിഇ മൊറട്ടോറിയം വ്യവസ്ഥകളിൽ ഇളവ് വരുത്തി കൊണ്ടുള്ള ഹാൻഡ്‌ബുക്ക് പുറത്തിറക്കിയത്. താൽപ്പര്യമുള്ള ഏതൊരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ട്രെസ്റ്റിനോ കമ്പനികൾക്കോ രാജ്യത്ത് എഞ്ചിനീയറിംഗ്, ടെക്‌നോളജി മേഖലകളിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് ഇതിൽ വ്യക്തമാക്കിയിരുന്നു.