53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മമ്മൂട്ടി മികച്ച നടനായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ‘പുഴു’, ‘ഭീഷ്മപർവം’ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മികച്ച നടിയായി വിൻസി അലോഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷ് ചെയർമാൻ ആയ ജൂറി ആണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 39 ദിവസത്തെ വിധിനിർണ്ണയ പ്രക്രിയ ആണ് പൂർത്തിയായത്. പ്രാഥമിക ജഡ്ജിംഗ് പാനലിന്റെ രണ്ട് ഉപസമിതികൾക്ക് നേതൃത്വം നൽകിയത് ചലച്ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ എന്നിവരാണ്. ഇരുവരും അന്തിമ ജഡ്ജിങ് പാനൽ അംഗങ്ങൾ കൂടിയാണ്. പ്രാഥമിക പാനലിൽ എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ്, നിർമാതാവ് ബി. രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളാണ്.
ഫൈനൽ ജഡ്ജിങ് പാനലിൽ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവ്‌രാജ്, ഗായിക ജിൻസി ഗ്രിഗറി എന്നിവരുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, ഫൈനൽ ജഡ്ജിങ് കമ്മറ്റികളുടെ മെമ്പർ സെക്രട്ടറിയാണ്. ചലച്ചിത്ര സംബന്ധിയായ എഴുത്തുകളുടെ ജൂറി തലവനായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ.സി. നാരായണനും അംഗങ്ങളായി കെ. രേഖ, എം.എ. ദിലീപ്, അജോയ് എന്നിവരുമുണ്ട്.