മണിപ്പൂർ വീഡിയോ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ

0
68

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അഞ്ചാം പ്രതി അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നതോടെയാണ് അറസ്റ്റ് ആരംഭിച്ചത്. യംലെംബം നുങ്‌സിതോയ് മെത്തേയ് (19) എന്നയാളാണ് അഞ്ചാംപ്രതി. കേസിൽ ഇതുവരെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ബുധനാഴ്ച പുറത്തുവന്നത് വൻ പ്രതിഷേധത്തിന് കാരണമായി. വടക്കുകിഴക്കൻ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ പിറ്റേന്ന് മെയ് നാലിന് കാങ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നത്.

കുക്കി-സോമി സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി ജനക്കൂട്ടം നടത്തിക്കുന്നതാണ് ഭയാനകമായ വീഡിയോയിൽ കാണിക്കുന്നു. ഈ വിഷയത്തിൽ ഫയൽ ചെയ്ത എഫ്ഐആർ ഇവരിൽ ഒരു സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതായും പറയുന്നു. തടയാൻ ശ്രമിച്ച അവളുടെ സഹോദരനെ കൊലപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ ഹുയിറേം ഹെരാദാസ് സിംഗ് എന്ന 32 കാരനെ പോലീസ് പിടികൂടിയതോടെയാണ് ആദ്യ അറസ്റ്റ് നടന്നത്. വൈറലായ വീഡിയോയിൽ, പച്ച ടി-ഷർട്ട് ധരിച്ച പുരുഷൻ സ്ത്രീകളിലൊരാളെ വലിച്ചിഴയ്ക്കുന്നത് കാണാം. അറസ്റ്റിന് പിന്നാലെ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ഇയാളുടെ വീടിന് തീയിട്ടു. അതേസമയം വിവാദ വീഡിയോ ഷെയർ ചെയ്യരുതെന്ന് കേന്ദ്രം ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിർദ്ദേശം നൽകി. ഇന്ത്യൻ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും ഈ വിഷയം അന്വേഷണത്തിലാണെന്നും സർക്കാർ നിർദ്ദേശങ്ങളിൽ വ്യക്തമാക്കി. എന്നാൽ ഭയാനകമായ സംഭവം വ്യാജ വാർത്തയാണെന്ന് പിന്നീട് പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾ സ്ത്രീകളെ അവരുടെ അമ്മയായി കാണുന്നു. എന്നാൽ ഈ സ്ത്രീകളുടെ വസ്ത്രം അഴിച്ച അക്രമികൾ സംസ്ഥാനത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മണിപ്പൂരിലെ ജനങ്ങൾ സ്ത്രീകളെ അവരുടെ അമ്മയായി കണക്കാക്കുന്നു, എന്നാൽ ചിലരുടെ പ്രവർത്തികൾ കാരണം ഈ പ്രശസ്തിക്ക് കളങ്കം വന്നു. സംഭവത്തെ അപലപിച്ച് സംസ്ഥാനത്തുടനീളം താഴ്‌വര പ്രദേശങ്ങളിലും കുന്നുകളിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്,”-മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, മണിപ്പൂർ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തിയെന്നും ഒരിക്കലും പൊറുക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് മാസം മുമ്പ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ പരാമർശത്തിൽ, “നിയമം അതിന്റെ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കും” എന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here