പതിനെട്ടാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാക് വനിതാ താരം

0
74

ഇസ്ലാമാബാദ്: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് 18ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ വനിതാ താരം അയിഷ നസീം. മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്നാണ് ആയിഷ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകിയ വിശദീകരണം. ക്രിക്കറ്റ് പ്രതിഭയെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസിം അക്രം വിശേഷിപ്പിച്ച താരമാണ് മതപരമായ വിശ്വാസമനുസരിച്ച് ജീവിക്കാൻ കളി മതിയാക്കുന്നത്.

എന്നാൽ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതു സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി നാല് ഏകദിനങ്ങളിലും 30 ട്വന്റി 20കളിലും കളത്തിലിറങ്ങിയ അയിഷ ട്വന്റി 20യിൽ 369 റൺസും ഏകദിനത്തിൽ 33 റൺസും നേടിയിട്ടുണ്ട്. വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ 25 പന്തിൽ 43 റൺസും ഓസ്ട്രേലിയക്കെതിരെ 20 പന്തിൽ 24 റൺസും നേടി ശ്രദ്ധ നേടിയിരുന്നു.

2020 വനിതാ ട്വന്റി 20 ലോകകപ്പിൽ തായ്‌‍ലൻഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 2023ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം. ഇതിൽ മൂന്നു പന്തുകൾ നേരിട്ട ആയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായിരുന്നു. ഹാർഡ് ഹിറ്റിംഗിനും കൂറ്റൻ സിക്സറുകൾക്കും പേരുകേട്ട താരമാണ് ആയിഷ നസീം. 18 കാരിയുടെ അപ്രതീക്ഷിത വിരമിക്കൽ പാക് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here