മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ തകർന്നടിഞ്ഞ് രൂപ. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിന് 80.06 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വിദേശ നിക്ഷേപകർ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിറ്റഴിക്കല്‍ തുടരുന്നതിനാലാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ രാജ്യത്തിന്റെ ഓഹരിവിപണിയില്‍ നിന്ന് ഏകദേശം 30 ബില്യൺ ഡോളറിന്റെ വിദേശ ഒഴുക്ക് ഉണ്ടായിട്ടുണ്ട്.
രൂപയുടെ മൂല്യം പിടിച്ച് നിർത്തുന്നതിനായി സ്വർണ്ണ ഇറക്കുമതിക്ക് തീരുവ ഉയർത്തുന്നത് ഉള്‍പ്പടേയുുള്ള നടപടികള്‍ കേന്ദ്രം നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം 79.76 രൂപയിൽ വ്യാപാരം തുടങ്ങിയശേഷമാണ് 80ലേക്ക് കുത്തനെ പതിച്ചു. ഇന്ന് 79.9863 ൽ ആരംഭിച്ചതിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 80.0163 എന്ന നിലയിലാണ് അവസാനിച്ചതെന്നാമ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 80.0175 ൽ എത്തി. ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 80.05 ൽ എത്തുകയും ചെയ്തിരുന്നു.
ഈ വർഷം രാജ്യത്ത് നിന്നുള്ള വിദേശ ഫണ്ട് ഒഴുക്ക് കഴിഞ്ഞ രണ്ട് വർഷത്തെ സംയോജിത നിക്ഷേപത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപകർ ഈ വർഷം ഇന്ത്യൻ ആസ്തികളിൽ നിന്ന് റെക്കോർഡ് 29 ബില്യൺ ഡോളർ ഇതുവരെ പിൻവലിച്ചു. ഉയർന്ന ഇറക്കുമതി കാരണമാണ് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു,
2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ ന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍നടത്താന്‍ ആര്‍ബിഐ ശ്രമംനടത്തിവരികയാണ്. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപയെ അന്താരാഷ്ട്ര വ്യാപാര കറന്‍സിയാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. ഡോളറിന്റെ ഉപയോഗം ദുർബലമാക്കി രൂപയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം
മറുവശത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.76 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നിരുന്നു. സൌദി റിയാലിനും ഖത്തർ റിയാലിനുമൊക്കെ മൂല്യം ഉയർന്നിട്ടുണ്ട്.