ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി

0
61

ഇൻഡോർ: ഹോൽക്കർ സ്റ്റേഡിയത്തിൽ അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർ നിരാശരായി. ചെറിയ വിജയലക്ഷ്യം ഓസീസ് ബാറ്റർമാർ അനായാസം മറികടന്നു. ഒൻപത് വിക്കറ്റിനാണ് ഓസ്ട്രേലിയ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർ‌ത്തിയ 76 റൺസ് വിജയലക്ഷ്യം വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. സ്കോർ: ഇന്ത്യ: 109, 163. ഓസ്ട്രേലിയ: 197, 1ന് 78.

നാലു ടെസ്റ്റുകളുള്ള പരമ്പര ഓസീസ് 2-1ൽ എത്തിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇന്ത്യക്കായിരുന്നു ജയം. മൂന്നാം ടെസ്റ്റിൽ പാറ്റ് കമ്മിൻസിന് പകരം താൽക്കാലിക നായകനായ സ്മിത്തിനും അഭിമാന നേട്ടം. പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടക്കും.

മൂന്നാം ദിനം 76 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജയെ (0) പുറത്താക്കി അശ്വിനാണ് ഓസീസിനെ ഞെട്ടിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് – മാര്‍നസ് ലബുഷെയ്ന്‍ സഖ്യം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചുനിന്ന് ജയം സ്വന്തമാക്കുകയായിരുന്നു. 53 പന്തുകള്‍ നേരിട്ട ഹെഡ് 49 റണ്‍സോടെയും 58 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 28 റണ്‍സോടെയും പുറത്താകാതെ നിന്നു. ചെറിയ വിജയലക്ഷ്യങ്ങൾക്കു മുന്നിൽ ഇത്തരം പിച്ചുകളിൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തെളിയിച്ചാണ് ഓസീസ് അനായാസം ജയിച്ചുകയറിയത്.

നേരത്തെ 8 വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണിനു മുന്നില്‍ പതറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഓസീസിനു മുന്നില്‍ 76 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നു. മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കംമുതല്‍ പിഴച്ചു. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിഞ്ഞ ഓഫ് സ്പിന്നര്‍ ലയണിനു മുന്നില്‍ ചേതേശ്വര്‍ പുജാര ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 142 പന്തുകള്‍ നേരിട്ട് 59 റണ്‍സെടുത്ത പുജാരയുടെ ചെറുത്തുനില്‍പ്പാണ് കളി മൂന്നാംദിവസത്തേക്ക് നീട്ടിയത്. 64 റണ്‍സ് വിട്ടുകൊടുത്താണ് ലയണ്‍ 8 വിക്കറ്റ് വീഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here