മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പരിശോധനകള്‍ക്ക് വിധേയയാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.
വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചെസ്റ്റ് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡോ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ് സോണിയ.
അടുത്തിടെ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന വാർത്തകൾ സോണിയ ഗാന്ധി തള്ളിയിരുന്നു . താൻ ഒരിക്കലും വിരമിച്ചിട്ടിലെന്നും ഒരിക്കലും വിരമിക്കുകയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാവ് അൽക ലാംബയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ താൻ സോണിയാ ഗാന്ധിയുമായി സംസാരിച്ചതായി അൽക്ക ലാംബ പറഞ്ഞു.
സോണിയ ഗാന്ധിയിൽ നിന്നും വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ച് സംസാരിച്ചിരുന്നു. ഞാൻ ഒരിക്കലും വിരമിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞതായി അൽക്ക പറഞ്ഞു. വികാരനിർഭരമായ സോണിയ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് ഊഹാപോഹങ്ങൾ ആരംഭിച്ചത്. പിന്നാലെയാണ് ഇതിൽ സ്ഥിരീകരികണം ഉണ്ടായിരിക്കുന്നത്.
റായ്പൂരിലെ പ്രസംഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതായി ഊഹാപോഹങ്ങൾ ശക്തമായത്. കോൺഗ്രസിന്റെ 85-ാം സമ്മേളനത്തിന്റെ വേദിയിൽ പ്രദർശിപ്പിച്ച വീഡിയോയ്ക്ക് ശേഷമാണ് സോണിയ വികാരനിർഭരമായ പ്രസംഗം നടത്തിയത്. താൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലഘട്ടത്തെക്കുറിച്ചും യുപിഎ ഭരണത്തെക്കുറിച്ചും പറഞ്ഞതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് അവർ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ എന്ന നിലയിലുള്ള തന്റെ യാത്രയെ കുറിച്ച് സോണിയ ഗാന്ധി പരാമർശിക്കുകയും എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ സോണിയ ഗാന്ധിയുടെ ഇതുവരെയുള്ള യാത്രയും പാർട്ടിക്ക് നൽകിയ സംഭാവനകൾ വിവരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു. ഇതോടെ സോണിയ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെന്ന സംശയം ബലപ്പെട്ടു.