തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കൾ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാർട്ടി പ്രവർത്തകർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരും ? – അദ്ദേഹം ചോദിച്ചു.
ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുന്നു. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ല. എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളിൽ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.