കാനനപാത വഴി യാത്ര: ഉച്ചയ്ക്ക് 12 വരെ മാത്രം

0
109

എരുമേലി • പരമ്പരാഗത കാനന പാതയിലൂടെ ശബരിമലയിലേക്കു നടന്നുപോയ തീർഥാടകരെ ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ അഴുതക്കടവിൽ വനംവകുപ്പ് തടഞ്ഞു. ഇടുക്കി കലക്ടറുടെ ഉത്തരവു പ്രകാരമാണു നടപടിയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ തീർഥാടകർ അഴുതക്കടവിൽ കുടുങ്ങി.

വേലി കെട്ടിയും സൗരവേലി ബന്ധിപ്പിച്ചുമാണ് ഇവിടെ വഴി തടഞ്ഞത്. പരമ്പരാഗത പാതയിലെ എരുമേലി റേഞ്ചിന്റെ പരിധിയിലുള്ള കോയിക്കക്കാവിൽ വൈകിട്ട് 4 വരെ വരെ കാനന പാതയിലൂടെ പോകുന്നതിന് അനുമതിയുണ്ട്. ഈ ധാരണയിൽ വരുന്നവർക്കാണ് അഴുതക്കടവിൽ 12 മണിയോടെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നത്. കൂടുതൽ തീർഥാടകർ എത്തിയാൽ ഇവിടെ വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളുമില്ല. വനസംരക്ഷണ സമിതി പ്രവർത്തകർ നടത്തുന്ന താൽക്കാലിക കടകൾ മാത്രമാണ് ആശ്രയം.

പെരിയാർ ടൈഗർ റിസർവ് വനത്തിലൂടെ നടന്നുപോകുന്ന അവസാന തീർഥാടക സംഘത്തെ സുരക്ഷിത സ്ഥലത്തെത്തിച്ച് വനപാലകർക്കു തിരികെ അഴുതക്കടവിലെത്തണം. അതിനാലാണ് ഉച്ചയ്ക്ക് 12 വരെ മാത്രം തീർഥാടകരെ കടത്തിവിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതെന്ന് ഇടുക്കി എഡിഎം ഷൈജു ജേക്കബ് അറിയിച്ചു. ടൈഗർ റിസർവ് പരിധിയിൽ 20 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യണം. ഇതിനു 4 മണിക്കൂറെങ്കിലും സമയം വേണം. ആനയും പുലിയുമടക്കം വന്യ മൃഗങ്ങളുടെ സാന്നിധ്യമുണ്ട്. ഇതാണ് 12 മണിവരെ ആക്കി യാത്ര പരിമിതപ്പെടുത്തിയത്. മുക്കുഴിയിൽ 4000 അയ്യപ്പൻമാർക്കു വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എഡിഎം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here