ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലേക്ക്.

0
104

ബീജിംഗ്: ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാംഗ്ഫൂ ഈ ആഴ്ച ഇന്ത്യയിലെത്തും. 27, 28 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) പ്രതിരോധ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് ലീ എത്തുന്നത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്.

2020ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയിലെത്താന്‍ പോകുന്ന ആദ്യ ചൈനീസ് പ്രതിരോധ മന്ത്രിയാണ് ലീ. യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള സൈനിക ജനറലായ ലീ കഴിഞ്ഞ മാസമാണ് ചൈനയുടെ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റത്.

റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്‌ഗുവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നേരിട്ട് പങ്കെടുക്കുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇദ്ദേഹം വെര്‍ച്വലായി പങ്കെടുക്കുമെന്നാണ് സൂചന.

എന്നാല്‍, മേയ് നാല്, അഞ്ച് തീയതികളില്‍ ഗോവയില്‍ നടക്കുന്ന എസ്.സി.ഒ വിദേശകാര്യ മന്ത്രിതല യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നേരിട്ട് പങ്കെടുക്കും. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ യൂറേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ എസ്.സി.ഒയുടെ ഈ വര്‍ഷത്തെ അദ്ധ്യക്ഷ പദവി വഹിക്കുന്നത് ഇന്ത്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here