കൊച്ചി: തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന് അനുകൂലമായ തരംഗമെന്ന് ജനപക്ഷം ചെയര്‍മാനും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരായ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെ പ്രസ്താവന സഭാ നേതൃത്വം തന്നെ തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പിയുമായി നിലവില്‍ മുന്നണി ബന്ധം ആലോചിട്ടില്ലെന്നും പിണറായി വിജയന്‍ തന്നെ ആക്രമിച്ചപ്പോള്‍ രക്ഷക്കെത്തിയവരാണ് ബി ജെ പിയെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
ഏതോ ബിഷപ്പ് എന്തോ പറഞ്ഞു എന്നുള്ളതാണ്. എനിക്ക് അത് കേട്ടപ്പോള്‍ ചിരി വന്നു. ആ ബിഷപ്പിനോട് എനിക്കൊരു അഭിപ്രായം പറയാനുണ്ട്.. ഞാന്‍ ഒരു പിതാക്കന്‍മാരേയും നികൃഷ്ട ജീവി എന്നൊന്നും വിളിച്ചിട്ടില്ല. നികൃഷ്ട ജീവി എന്ന് വിളിച്ച ആളിന് വേണ്ടി പണിയെടുക്കുന്ന ആരെങ്കിലും ഏറ്റെടുത്താല്‍ അത് അപമാനകരമാണ്. സഭയുടെ സെക്രട്ടറി ഔദ്യോഗികമായി സഭയുടെ അഭിപ്രായമല്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു ഇടതുപക്ഷ, പിണറായി പക്ഷ ആളാണ് എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തേയും പിണറായി നികൃഷ്ട ജീവി എന്നാണ് വിളിക്കുന്നത് എന്ന് ഓര്‍ത്തിരുന്നാല്‍ അദ്ദേഹത്തിന് നല്ലതാണ്.
ഞാനൊരു നല്ല ക്രൈസ്തവനാണ്. പള്ളിയില്‍ പോകുന്നവനാണ്. ലോകം മുഴുവന്‍ ഞായറാഴ്ച അവധിയാണ്. ആര്‍ക്കാണ് അത് അറിയാത്തത്. ഈ പൊലീസുകാരന് അറിയില്ലേ. അയാള്‍ കാക്കിയിട്ടപ്പോള്‍ ബോധം പോയോ അയാള്‍ക്ക്. ഞായറാഴ്ച ദിവസം 11 മണിക്ക് ഞാന്‍ അവിടെ ഹാജരാകണമെന്ന് പറയാന്‍ അയാള്‍ക്കെന്താ കാര്യം. ഞാനിവിടെ അരുവിത്തറ പള്ളിയില്‍ പോകേണ്ട സമയമാണ്. ഞാനിവിടെ രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിട്ട്, അരുവിത്തറ വല്യച്ചന് നേര്‍ച്ചയിട്ട ശേഷമാണ് തൃക്കാക്കരയിലേക്ക് പോയത്. അല്ലാതെ ഇയാള്‍ ഉദ്ദേശിച്ച
നോട്ടീസ് തരണമെങ്കില്‍ ഒരു നോട്ടീസ് തന്നാല്‍ പോരേ. 24 മണിക്കൂര്‍ മുന്‍പെ നോട്ടീസ് തരേണ്ട, അതല്ലേ മര്യാദ. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് പറഞ്ഞ് രണ്ടരയ്‌ക്കൊരു നോട്ടീസ്. ഞാനത് മേടിച്ച് വെച്ചു. മൂന്നരയ്ക്ക് രണ്ടാമത്തെ നോട്ടീസ്. രാത്രി പത്തരയ്ക്ക് പിന്നെയൊരു നോട്ടീസ്. അങ്ങനെ നാല് നോട്ടീസ് എനിക്ക് കിട്ടി. ഇതിന്റെ ആവശ്യമെന്താ, മനുഷ്യനെ കളിയാക്കുന്നോ വിവരംകെട്ടവന്‍മാര്‍…ഒരു പരിധി വേണ്ട ഇതിനൊക്കെ. ഞാനായിട്ടല്ലേ മറുപടി ശക്തമായിട്ട് പറയാതിരിക്കുന്നത്. ഞാനൊരു നിയമവ്യവസ്ഥയും ലംഘിക്കാനാഗ്രഹിക്കുന്നവനല്ല.
ഇവിടത്തെ മതവിശ്വാസികള്‍ക്ക് ഭയങ്കര ഭീതിയുണ്ട്, അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഞാന്‍ ഏതെങ്കിലും സ്ഥാനമാനത്തിനായി പോകുന്ന ആളല്ല. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് പ്രതികരിക്കുന്നില്ല. അസംഘടിതരായ ഈഴവ സമുദായത്തെ ശ്രീനാരായണ ഗുരുവിനും ആര്‍ ശങ്കറിനും ശേഷം വെള്ളാപ്പള്ളിയാണ് ഒന്നിപ്പിച്ചത്. തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ജയിക്കും. പിണറായി വിജയനിപ്പോള്‍ വലിയ ഗൂഢാലോചന നടത്തിയുള്ള തെരഞ്ഞെടുപ്പാണിത്.