പാർട്ടിയിൽ സമൂല മാറ്റം വേണം; രാഹുൽ ഭാരതയാത്ര നടത്തട്ടെ- നിർദേശവുമായി ചെന്നിത്തല

0
86

ന്യൂഡൽഹി: കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന നിർദേശവുമായി മുതർന്ന നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനിൽ ആരംഭിക്കുന്ന ചിന്തൻ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിർദേശം മുന്നോട്ട് വച്ചത്. സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച മുകുൾ വാസ്നിക് നേതൃത്വം നൽകുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിർദേശിച്ചു. ഡി.സി.സി. അധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് നൽകണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കൾ പുനഃസംഘടിപ്പിക്കണം. പാർട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണ കാമ്പയിൻ നടത്തണമെന്നും ചെന്നിത്തല നിർദേശങ്ങളായി മുന്നോട്ട് വെച്ചു.

ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. വൻ നഗരങ്ങളിൽ പ്രത്യേക ഡി.സി.സികൾ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ 50, വലിയ സംസ്ഥാനങ്ങളിൽ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനാപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉപസമിതിയിൽ ചെന്നിത്തലയെയും മുകുൾ വാസ്നികിനേയും കൂടാതെ അജയ് മാക്കൻ, താരിഖ് അൻവർ, രൺദീപ് സിങ് സുർജെവാല, അധീർ രഞ്ജൻ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജൻ എന്നിവരും അംഗങ്ങളാണ്. മെയ് 13-ന് ആരംഭിക്കുന്ന ചിന്തൻ ശിബിർ മൂന്ന് ദിവസം നീണ്ട് നിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here