ഇക്കുറിയില്ല, നാലരപതിറ്റാണ്ട് പുരുഷാരം നെഞ്ചേറ്റിയ കേളത്ത് അരവിന്ദാക്ഷൻ മാരാർ !

0
47

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർക്ക് ഇനി വിശ്രമം. പുരുഷാരത്തിന്റെ പൂരത്തിൽ നിന്ന് മേളാസ്വാദകർ എന്നും നെഞ്ചേറ്റാറുള്ള അരവിന്ദാക്ഷ മാരാർ പ്രായാധിക്യം കൊണ്ട് ഇക്കുറി ഇലഞ്ഞിത്തറ മേളത്തിനുണ്ടാകില്ലെന്ന് പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചു.

ആദ്യം പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവും കൊട്ടിക്കയറിയ അത്ഭുതപ്രതിഭയായ മാരാരുടെ വിടചൊല്ലലിൽ ആസ്വാദകരും നിരാശയിലാണ്. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വർഷക്കാലം പൂരം കൊട്ടിക്കയറിയ കേളതതിന്.
പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 13 വർഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി. പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷക്കാലം വീണ്ടും കൊട്ടിത്തിമർത്തു. എന്നാൽ പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. കഴിഞ്ഞവർഷം വരെ പാറമേക്കാവിലായിരുന്നു.കൊവിഡ് കഴിഞ്ഞുള്ള പൂരനഗരിയിൽ ഇക്കുറിയും എത്തണമെന്ന് ആഗ്രഹിച്ചെങ്കിലും ശാരീരിക അവശതകൾ സമ്മതിച്ചില്ല. ഇലഞ്ഞിത്തറയിൽ പെരുവനത്തിന്റെ വലത്ത് എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്റെ ശൈലിക്ക് ആരവം മുഴക്കാൻ പതിനായിരങ്ങളാണ് എത്തുക പതിവ്. 12-ാം വയസിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ പെരുവനം നടവഴിയിൽ പ്രഭൽഭർക്കൊപ്പം കൊട്ടിക്കയറിയാണ് മുൻനിരയിലെത്തിയത്. പുരസ്‌കാരങ്ങളുടെ പിന്നാലെ പോകാതെ വാദ്യകലയിലെ സമർപ്പിത രൂപമായി ഇന്നും കേളത്ത് നിറഞ്ഞുനിൽക്കുന്നു.ആദ്യ പ്രതിഫലം പത്തിന്റെ ഒരു നോട്ട്
തൃശൂർ പൂരത്തിന് ആദ്യമെത്തുമ്പോൾ പ്രതിഫലം പത്തുരൂപയാണെന്ന് അരവിന്ദാക്ഷൻ മാരാർ ഓർക്കുന്നു. പ്രമാണിയാണെങ്കിലേ മേളത്തിനെത്തൂവെന്ന പിടിവാശി കേളത്തിനില്ല. ആരാണ് ആദ്യം പറഞ്ഞത് അവിടെ കൊട്ടും. പ്രമാണം നൽകാമെന്ന് പറഞ്ഞാൽ ആദ്യം ഏൽപ്പിച്ച സ്ഥലത്ത് നിന്ന് മാറുന്ന ശീലവും ഈ എൻപതുകാരനില്ല. മേളത്തിന് പുറമേ തായമ്പകയിലും തിമിലയിലും തന്റെ വൈദഗ്ദ്ധ്യം തെളിയിച്ച അപൂർവ പ്രതിഭ കൂടിയാണ് കേളത്ത്.

മേളത്തിന് ഇത്തവണ ഉണ്ടാകില്ലെന്ന് കേളത്ത് അറിയിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിന് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്ത് പൂരംനാളിൽ വീരോചിതമായ പുരസ്‌കാരം നൽകി യാത്രഅയപ്പ് നൽകണമെന്ന് പാറമേക്കാവ് വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാൽ പൂരം കഴിഞ്ഞ് വന്ന് സ്വീകരിക്കാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here