ഡ്യൂട്ടി കഴിഞ്ഞു ; പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ടു

0
53

ജോലിസമയം കഴിഞ്ഞതോടെ ചരക്കുവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ ഗേറ്റില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം മുടങ്ങി.

പിന്നാലെ പുതുക്കാട് -ഊരകം റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 5.30നായിരുന്നു സംഭവം. ഇരുമ്ബനത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്കുതീവണ്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട ശേഷമാണ് ലോക്കോ പൈലറ്റ് വീട്ടില്‍ പോയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആള്‍ എത്താത്തതിനാലാണ് ലോക്കോ പൈലറ്റ് പുതുക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്.ലോക്കോ പൈലറ്റുമാര്‍ക്ക് പത്തു മണിക്കൂറാണ് ഡ്യൂട്ടിസമയം. വടക്കാഞ്ചേരിയില്‍വെച്ചുതന്നെ ഇയാളുടെ ജോലിസമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചശേഷമാണ് ലോക്കോ പൈലറ്റ് മടങ്ങിയത്.

രണ്ടര മണിക്കൂറിനുശേഷം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റിനെ സ്ഥലത്തെത്തിച്ച്‌ ചരക്കുവണ്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാല്‍ തീവണ്ടി ഗതാഗതത്തിന് തടസമുണ്ടായില്ല.

താരതമ്യേന ചെറിയ സ്റ്റേഷനായതിനാല്‍ ട്രെയിന്‍ നിര്‍ത്തിട്ടാല്‍ ഇവിടെ റെയില്‍വേഗേറ്റ് അടച്ചിടേണ്ടിവരും.ഇതാണ് വാഹനഗതാഗതം തടസ്സപ്പെടാന്‍ കാരണം. തീവണ്ടി കുറുകെ ഇട്ടതിനാല്‍ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാനാകാതെ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ചരക്കുവണ്ടിയുടെ അടിയിലൂടെ നൂണ്ടിറങ്ങിയാണ് മറുവശത്തെ പ്ലാറ്റ്‌ഫോമിലെത്തിയത്.അധികൃതര്‍ കൃത്യമായ ആശയവിനിമയം നടത്താതിരുന്നതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്.

അതേസമയം ഡ്യൂട്ടി കൈമാറാതെ തീവണ്ടി നിര്‍ത്തിയിട്ടിറങ്ങിയ ലോക്കോ പൈലറ്റിന്‍റെ പ്രവര്‍ത്തി ഗുരുതരവീഴ്ചയാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.ചാലക്കുടിയില്‍നിന്ന് മറ്റൊരു ലോക്കോ പൈലറ്റ് ഡ്യൂട്ടി ഏറ്റെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, എറണാകുളം ഡിവിഷനില്‍നിന്നുള്ള ലോക്കോ പൈലറ്റ് ചാലക്കുടിയില്‍ കാത്തുനില്‍ക്കുന്നതറിഞ്ഞിട്ടും ഡ്യൂട്ടി നിര്‍ത്തിയിറങ്ങുകയായിരുന്നുവെന്നാണ് ആരോപണം. പത്തു മണിക്കൂര്‍ ഡ്യൂട്ടിസമയം കഴിഞ്ഞതോടെ പാലക്കാട് ഡിവിഷനില്‍നിന്നുള്ള ലോക്കോ പൈലറ്റ് പുതുക്കാട്ട് ഇറങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here