തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം എൽ എയും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് 11 നാണ് വിവാഹം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. ലളിതമായ ചടങ്ങാകും നടക്കുകയെന്ന് ഇരുവരും ക്ഷണക്കത്തിലൂടെ അറിയിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയുമാണ് വിവാഹിതരാകുന്നത്.ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി നിൽക്കുന്നത്. സംഘടനയിൽ പ്രവർത്തിക്കുമ്പോൾ തന്നെ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് പ്രണയത്തിലേക്ക് വഴുമാറിയതോടെ വീടുകളിൽ അറിയിക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.
എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും ചാല ഏരിയ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് ആര്യ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു അപ്രതീക്ഷതമായി മേയർ പദവി തേടിയെത്തിയത്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎ ആയത്.