മലയാള സിനിമാമേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നുവെന്ന നടപടികളെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് നിരീക്ഷണം ശക്തമാക്കി. അഞ്ച് നിര്‍മ്മാതാക്കളെ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായാണ് ലഭിക്കുന്ന വിവരം. കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും ഒപ്പം ആദായനികുതി വകുപ്പുമാണ് സിനിമാ മേഖല നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു പ്രമുഖ നിര്‍മ്മാതാവിനെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടു നിമ്മാതാക്കളെ വരും ദിവസങ്ങളില്‍ ഇഡി വിളിച്ചു വരുത്തിയേക്കും. വിദേശത്തുനിന്നുള്ള കള്ളപ്പണം സിനിമാ മേഖലയിലേക്ക് എത്തുന്നുണ്ടെന്ന വിവരങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുകയായിരുന്നു.
കള്ളപ്പണത്തിനൊപ്പം ലഹരി ഉപയോഗവും സിനിമാ മേഖലയില്‍ പിടിമുറുക്കിയിട്ടുണ്ട്. കള്ളപ്പണത്തിനും ലഹരി ഒഴുക്കുമൊക്കെ പരസ്പരം ബന്ധമുള്ളതിനാല്‍ ഇതൊക്കെ തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ട്. ഒരു നിര്‍മ്മാതാവിനു ഇഡി നോട്ടീസ് ലഭിക്കുകയും അതിനു സ്റ്റേറ്റ്മെന്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ല- സിനിമാ മേഖലയിലെ ഒരുന്നതന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇഡി നോട്ടീസ് ഈ നിര്‍മ്മാതാവിനു ലഭിച്ചത്. ഒരു നിര്‍മ്മാതാവ് 25 കോടി അടച്ചുവെന്ന വാര്‍ത്ത വന്നിട്ടുണ്ട്. 25 കോടി ഒന്നും ആരും അടച്ചിട്ടില്ല. ഇതെല്ലാം പതിവ് നടപടികള്‍ മാത്രമാണ്. ഫെമാ നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ ഈ കാര്യങ്ങളില്‍ നടപടികള്‍ വരുകയുള്ളൂ- ഉന്നതന്‍ വ്യക്തമാക്കുന്നു.
മലയാള സിനിമയില്‍ കള്ളപ്പണത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം വ്യക്തമാണ്. മയക്കുമരുന്നിന്റെ പ്രശ്നങ്ങള്‍ പരിധി വിട്ടപ്പോള്‍ നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കുമെതിരെ സിനിമാ സംഘടനകള്‍ രംഗത്ത് വരുകയും നടന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ ‘അമ്മ’ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും അതിനാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ ഇവര്‍ വ്യക്തമാക്കിയിരുന്നു. ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ തനിക്കറിയാമെന്ന് നടന്‍ ടിനിടോം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും വിവാദമായിരുന്നു.