അഹമ്മദാബാദ്: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ വിധിനിര്‍ണായക പോരാട്ടം നാളെ അഹമ്മദാബാദില്‍ നടക്കും. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്‌നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
നാളെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന തലവേദന മുന്‍നിരയാണ്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍- ഇഷാന്‍ കിഷന്‍ സഖ്യത്തിനും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിക്കും ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. മൂന്ന് പേരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ഇടങ്കയ്യനും വിക്കറ്റ് കീപ്പറുമെന്ന് പരിഗണന ഇഷാന്‍ കിഷന് ലഭിച്ചേക്കും. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഒരിക്കല്‍കൂടി വിശ്വാസത്തിലെടുക്കും. രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ വിഷമിച്ച ത്രിപാഠിക്കാണ് സ്ഥാനം നഷ്ടമാവാന്‍ സാധ്യത. അങ്ങനെ വന്നാല്‍ പൃഥ്വി ഷാ കളത്തിലെത്തും. ഗില്‍ അല്ലെങ്കില്‍ ഇഷാന്‍ ഇവരില്‍ ഒരാള്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയേക്കും.
നാലാമായി വിശ്വസ്ഥനായ സൂര്യകുമാര്‍ യാദവ്. അഞ്ചാം സ്ഥാനത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും. ദീപക് ഹൂഡയുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. ആദ്യ ടി20യില്‍ പത്ത് റണ്‍സിന് പുറത്തായ താരത്തിന് രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. പന്തെറിയുമെന്നുള്ളതുകൊണ്ട് മാറ്റാന്‍ സാധ്യത കുറവാണ്. മാറ്റാന്‍ തീരുമാനിച്ചാല്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ മാറ്റാന്‍ ധൈര്യപ്പെടില്ല.
പേസ് ഡിപ്പാര്‍ട്ട്‌മെന്റിലും തലവേദനയേറെ. ഉമ്രാന്‍ മാലിക്കും ശിവം മാവിയും അര്‍ഷ്ദീപ് സിംഗും തല്ലുമേടിക്കുന്നു. ഹാര്‍ദിക് തമ്മില്‍ ഭേദമെന്ന് പറയാം. ഇവിടെയും പകരക്കാരില്ലെന്നുള്ളത് പ്രധാന പ്രശ്‌നം. ടീമിനൊപ്പമുള്ള മുകേഷ് കുമാറിനെ ഇനിയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അഹമ്മദാബാദിലെ പിച്ചില്‍ കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും കളിച്ചേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ/ ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.