കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റിയും ട്വന്റിയും ആം ആദ്മി പാർട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ്. ആം ആദ്മി പാർട്ടി നാഷണൽ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
‘പൊതുസമ്മതനായ സ്ഥാനാർഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാർട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികൾ ഉയർത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക.’
വികസനത്തിന് ട്വന്റി ട്വന്റി എതിരല്ല. എന്നാൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചാവണം കെ-റെയിൽ പോലുള്ള വൻകിട പദ്ധതികളിലേക്ക് നീങ്ങുന്നത്. കോടികൾ കടമെടുത്ത് പോകുന്ന സർക്കാർ ഇത്തരം പദ്ധതികൾ ആരംഭിച്ച് വീണ്ടും വലിയ ബാധ്യതയിലേക്ക് പോകുന്നത് ശരിയായ കാര്യമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.