കോവിഡിന്റെ രണ്ടാം തരംഗം അടുത്ത അധ്യയന വർഷവും താളംതെറ്റിക്കുമോ ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

0
132

ഇന്ന് രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ CBSE, ICSE തുടങ്ങിയ പ്രധാനവിദ്യാഭ്യാസ ബോർഡുകൾ തീരുമാനമെടുത്തു കഴിഞ്ഞു. സി.ബി.എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് തീരുമാനം. മറ്റു പല ദേശീയ പ്രവേശന പരീക്ഷാ തീയതികൾക്കും ഇനിയും മാറ്റമുണ്ടായേക്കാം.

ഈ അധ്യയ വർഷം +1 ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ സംബന്ധിച്ചിടത്തോളം വരുന്ന അധ്യയന വർഷവും ‘ഓൺലൈനിൽ ‘ തുടർന്നാൽ അവരുടെ പഠനനിലവാരത്തെയും ശീലങ്ങളെയും എങ്ങിനെയെല്ലാം ബാധിക്കുമെന്ന് വലിയ ആശങ്കയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളും കോളേജുകളും ലക്ഷ്യമിടുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഇത്തവണ അവിടേക്കുള്ള പ്രവേശന നടപടികൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചും അവ്യക്തതകളുണ്ട്.

കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ വിദ്യാർഥികളിൽ ഒറ്റപ്പെടലും, ഭാവിയെ കുറിയുള്ള ആകാംക്ഷയും, ഏകാന്തതയും,വിഷാദവും വർധിച്ചിട്ടുണ്ടെന്നാണ് വിവിധ ലോക രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. സമപ്രായക്കാർക്കൊപ്പം സമയം ചെലവഴിക്കാൻ ഏറെ ആഗ്രഹിക്കുന്ന കുട്ടികളുo, കൗമാരക്കാരും വീട്ടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിതമായ സാഹചര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിലുള്ള പ്രധാന കാരണം.

ഓരോ കുടുംബവും ഓരോ സ്കൂളാണ്. മാതാപിതാക്കൾ അധ്യാപകരും.  കുടുംബം കുട്ടികൾക്ക് ഏറെ സുരക്ഷയും സന്തോഷവും നൽകുമെങ്കിലും അവർ വളരേണ്ടതും ജീവിക്കേണ്ടതും പുറം ലോകത്താണല്ലോ. ഈയൊരു സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് കുട്ടികളുടെ വ്യക്തിപരമായ വികാസത്തിലും, പഠനത്തിലും മുൻപത്തേക്കാൾ വലിയ പങ്കുണ്ട്. അൽപം പ്ലാനിങ്ങും ശ്രദ്ധയുമുണ്ടെങ്കിൽ രക്ഷിതാക്കൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

നല്ല പ്രേരണയും പ്രചോദനവും നൽകുക

കോവിഡ് കാലത്ത് രക്ഷിതാക്കൾക്ക് കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാവും. അതിനാൽ അവരോടുള്ള കൊച്ചുവർത്തമാനങ്ങളിലൂടെയും, കളികളിലൂടെയും ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കാണാൻ അവരെ പ്രചോദിപ്പിക്കണം. മഹാന്മാരുടെ ജീവചരിത്രങ്ങൾ, വെല്ലുവിളികൾ , അതിജീവിച്ചവരുടെ കഥകൾ, ഒരിക്കൽ അസാധ്യമെന്നു ലോകം കരുതിയിട്ടും പിൽക്കാലത്തു യാഥാർത്ഥ്യമാക്കപ്പെട്ട കണ്ടെത്തലുകൾ, എന്നിവയെക്കുറിച്ചുള്ള വായനയും വർത്തമാനങ്ങളുമെല്ലാം കുട്ടികളെ പ്രചോദിപ്പിക്കും. അവരുടെ ഇഷ്ടങ്ങളും അഭിരുചിയും മനസ്സിലാക്കി വേണം രക്ഷിതാക്കൾ ഇത്തരം ഇടപെടലുകൾ നടത്താൻ.

കുട്ടിയെ, സ്വന്തം വീട്ടിലെ അടുക്കളയെ രസതന്ത്ര ലാബറട്ടറിയോടുപമിക്കാൻ പ്രേരിപ്പിച്ചും, വീട്ടു ചെലവുകളുടെ ഓഡിറ്ററായി ചുമതല നൽകിക്കൊണ്ടുമൊക്കെ ‘ വീടിനെ വിദ്യാലയമാക്കാനും ‘ സർഗ്ഗാത്മകതയും, കരുതലുമുള്ള രക്ഷിതാക്കൾക്കു സാധിക്കും.

വൈകാരിക പിന്തുണ നൽകുക

സാമ്പത്തികവും – സാഹചര്യപരവുമായ കാരണങ്ങൾ കൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം കിട്ടാത്ത കുട്ടികളും, എന്നാൽ ഓൺലൈൻ ക്ലാസുകളുടെ ആധിക്യം കൊണ്ട് ‘ മടുത്ത ‘ കുട്ടികളും നമ്മുടെ നാട്ടിലുണ്ട്. ഇരു കൂട്ടർക്കും സമ്മർദ്ധമുണ്ട്. ഇവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണ കൊടുക്കാനും രക്ഷിതാക്കൾക്ക് കഴിയണം. അധ്യാപകരും, സഹപാഠികളുമായും നല്ല ആശയ വിനിമയം നടത്തുകയും പ്രാദേശിക പഠന സംവിധാനങ്ങളെ സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കുകയുമാണ് ഇന്ന് എല്ലാവരുടെയും മുൻപിലുള്ള വഴി.

വീട്ടുവളപ്പിലെ കൃഷി, അലങ്കാര മത്സ്യ പരിപാലനം, ഓമന മൃഗങ്ങൾ, ക്രാഫ്റ്റുകൾ, പാചകം, ലഘുവ്യായാമങ്ങൾ, ഹോബികൾ എന്നിവയ്ക്ക് സമയം നിശ്ചയിച്ച് കുട്ടികളെ അതിലേക്ക് നയിക്കുന്നതിലും കൂടുതൽ ശ്രദ്ധിക്കേണ്ടത്.

നല്ല ശീലങ്ങൾക്കു പ്രാധാന്യം നൽകുക

അറിവ്, കഴിവ്, മനോഭാവം, ശീലങ്ങൾ ഇവയാണല്ലോ ഒരു വ്യക്തിയുടെ വളർച്ചയുടെ അടിത്തറയായി വർത്തിക്കുന്നത്. ഇവയിൽ ശീലങ്ങൾ എറെയും രൂപീകരിക്കപ്പെടുന്നത് കുടുബത്തിലും, സ്കൂളിലുമാണ്. കോവിഡ് ലോക്ക് ഡൗൺ ഏറ്റവുമധികം ബാധിച്ചത് കുട്ടികളുടെ ദൈനംദിന ശീലങ്ങളിലാണെന്ന് രക്ഷിതാക്കൾ തന്നെ പറയുന്നു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾ കാലത്തെഴുന്നേൽക്കുന്നതു മുതൽ ഒരു സമയ ക്രമീകരണം പാലിച്ചു പോകാൻ ശീലിച്ചിരുന്നു. അതോടൊപ്പം, സാമൂഹ്യ പെരുമാറ്റരീതികൾ,അധ്യാപകരോടുള്ള ബന്ധം, പഠന – പരീക്ഷാ ശീലങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളിലും വളരെയധികം മാറ്റങ്ങൾ പ്രകടമാണ്.

ജീവിതം സ്വയം നെയ്തുണ്ടാക്കേണ്ട ഒരു പരവതാനി പോലെയാണ്. ചെലവഴിക്കുന്ന ഓരോ ദിവസവും അർത്ഥപൂർണമായ ഒരു ചിന്തയോ, പ്രവർത്തനമോ ആസ്വാദനമോ കൊണ്ട് ഇഴ കോർത്ത് മനോഹരമാക്കേണ്ട പരവതാനി. ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാനും , സ്വന്തം ജീവിത ദൗത്യം രൂപീകരിക്കാനും ഹൈസ്കൂൾ പ്രായത്തിൽ തന്നെ കുട്ടികൾക്കു സാധിക്കണം. കേവലം പരീക്ഷാ വിജയമല്ല, അതിനപ്പുറമുള്ള ജീവിത വിജയമാണ് ലക്ഷ്യമിടേണ്ടത് എന്ന ചിന്ത ഊട്ടിയുറപ്പിക്കണം. കുട്ടികളിൽ നല്ല ശീലങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും .

• വിദ്യാലയ പ്രവൃത്തി ദിവസങ്ങളിലെന്നപോലെ ദിനാരംഭത്തിൽ കൃതൃത പുലർത്തുക.

• ഒരു ദിവസം എന്താണ് ചെയ്യേണ്ടത് എന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുക – അതാതു ദിവസം ചെയ്യാനുള്ള പ്രവൃത്തികളെ പ്രാധാന്യമനുസരിച്ചും, സമയമനുസരിച്ചും ക്രമീകരിച്ച് എഴുതുകയും, ദിവസം അവസാനിക്കുമ്പോൾ അന്നത്തെ പ്രവൃത്തികളെ വിലയിരുത്തുകയും ചെയ്യുക എന്നത് ഫലപ്രദമായ ഒരു ടൈം മാനേജ്മെന്റ് രീതി കൂടിയാണ്.

•  നല്ല ഭക്ഷണശീലം പഠിപ്പിക്കുക – ആവശ്യത്തിന് കലോറിമൂല്യവും, വിറ്റാമിനുകളും ലഭിക്കുന്ന ഭക്ഷണ രീതിയാണ് ഈ കാലയളവിൽ കുട്ടികൾക്കുചിതം. വീട്ടിൽ തന്നെയിരിക്കുമ്പോൾ അമിതാഹാരം ശീലിക്കാതിരിക്കാനും ശ്രദ്ധിക്കണം.

• അടുക്കളത്തോട്ട നിർമ്മാണത്തിലും, പാചകത്തിലും പരിശീലനം കൊടുക്കാൻ ശ്രമിക്കുന്നത് കുട്ടികൾക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള (Adaptability) ശേഷി വർദ്ധിപ്പിക്കുകയും,  അന്യവൽക്കരണം (Alienation) കുറയ്ക്കുകയും ചെയ്യും.

•  ഉറക്കത്തിന്റെ താളം പാലിക്കുക. സ്ഥിരമായി ഉറങ്ങേണ്ട സമയത്തെ തിട്ടപ്പെടുത്തുക . 7-9 മണിക്കൂർ രാത്രിയുറക്കം, ബുദ്ധി വികാസത്തിനും അനിവാര്യമാണ്. വൈകുന്നേരത്തെ ടി.വി. സ്ക്രീൻ, മൊബൈൽ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക,

കുട്ടികളിൽ വൈകാരിക സമ്മർദ്ദം കുറയ്ക്കാൻ ഡയറിയെഴുത്തും, സർഗ്ഗാത്മക രചനയും ശീലിക്കുന്നതും നല്ലതാണ്. നിങ്ങൾക്ക് ഓരോ ദിവസവും എങ്ങനെ അനുഭവപ്പെട്ടു എന്ന് എഴുതിയോ വരച്ചോ രേഖപ്പെടുത്താം. ചിന്തകളെല്ലാം ഓൺലൈനിൽ പ്രകടിപ്പിക്കുന്നതും ‘സ്റ്റാറ്റസ് ‘ പ്രസിദ്ധപ്പെടുത്തുന്നതും പ്രദർശനപരത ‘വളരാനും, ഏകാഗ്രത നഷ്ടപ്പെടുത്താനും ഇടയാക്കും. എന്നാൽ ഡയറിയെഴുത്ത് കുട്ടികളിൽ സ്വാവബോധവും (Self Awareness) ഏകാഗ്രതയും (Concentration) വളർത്താനുപകരിക്കും. രക്ഷിതാക്കളുടെ സാമീപ്യം ആസ്വദിച്ചുകൊണ്ട് കുട്ടികളോടൊപ്പം വളരാൻ രക്ഷിതാക്കളെയും സഹായിക്കുന്ന വിധത്തിൽ ഈ സമയം പാകപ്പെടുത്തുക.

Content Highlights : COVID-19 And Its Impact On Education

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here