തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ രക്ഷാപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കും. ക്വാറന്റീനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ആദരസൂചകമായി സല്യൂട്ട് അടിച്ചത്. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് തെളിഞ്ഞതോടെയാണ് നടപടി ഉണ്ടായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
സ്വന്തം ജീവൻ പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് അഭിനന്ദിച്ചത്. ഇതിനു പിന്നാലെയാണ് രക്ഷാപ്രവർത്തകരെ ക്വാറന്റീൻ കേന്ദ്രത്തിൽ പോയി കേരള പൊലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിച്ചുവെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചത്. ഇത് വൈറലായതോടെ പൊലീസും അന്വേഷിച്ചു.
സംഭവം വ്യാജമാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ, അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സംഭവത്തിൽ പ്രാദേശിക സ്റ്റേഷനിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറയുന്നു.