എന്ത് കൊണ്ട് നിലവാരമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യമേറുന്നു,

0
4
Srinagar, Oct 19 (ANI): Students appear for the Class 10th State Board Examination at Government Girls Higher Secondary School, in Srinagar on Monday. (ANI Photo)

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസരംഗം നാടകീയമായി വിപുലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. 2014-15 വര്‍ഷം ഉന്നത പഠനത്തിനെത്തിയ 3.42 കോടി വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ന് 4.50 കോടിയില്‍ എത്തി നില്‍ക്കുന്നു. സര്‍വകലാശാലകളുടെ എണ്ണം 760ല്‍ നിന്ന് 1289 ആയിരിക്കുന്നു. കോളജുകളാകട്ടെ 38,498ല്‍ നിന്ന് 48246ഉം. ഇത്തരത്തില്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഉന്നത വിദ്യാഭ്യാസം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രാപ്യമാക്കിയിരിക്കുന്നു.

ആന്ധ്രാപ്രദേശും തെലങ്കാനയുമാണ് ഈ മാറ്റത്തിന് മികച്ച ഉദാഹരണങ്ങള്‍. ഹൈദരാബാദ്, വാറങ്കല്‍, വിജയവാഡ, ഗുണ്ടൂര്‍, കരിംനഗര്‍, നല്‍ഗൊണ്ട, വിശാഖപട്ടണം, തിരുപ്പതി, തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പം ജില്ലാ ആസ്ഥാനങ്ങളിലും ചെറു പട്ടണങ്ങളിലും വന്‍തോതില്‍ എന്‍ജിനീയറിങ്, ഫാര്‍മസി, മാനേജ്‌മെന്‍റ്, ബിഎഡ്, ബിരുദ, മെഡിക്കല്‍, കാര്‍ഷിക പഠന സ്ഥാപനങ്ങളാണ് ഇപ്പോഴുള്ളത്.

ഒരിക്കല്‍ വിവിധ കോഴ്‌സുകള്‍ പഠിക്കാനായി വന്‍നഗരങ്ങളിലേക്ക് പോകേണ്ടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വീടിനടുത്ത് തന്നെ ഇത്തരം കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യം കിട്ടുന്നു. ഇത് തികച്ചും സ്വാഗതം ചെയ്യപ്പെടേണ്ട ഒരു വികസനം തന്നെയാണ്. നമുക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെന്നതല്ല ഇപ്പോള്‍ ഇവിടെ ഉയരുന്ന ചോദ്യം. ഇവയെല്ലാം എത്രമാത്രം ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന മാത്രം നോക്കി വിദ്യാഭ്യാസ വികസനത്തെ വിലയിരുത്താനാകില്ല. അധ്യാപകരുടെ നിലവാരം, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പഠന, അക്കാദമിക പരിസ്ഥിതി തുടങ്ങിയവയും ഇതിനൊപ്പം വളരേണ്ടതുണ്ട്.

കൂടുതല്‍ സര്‍വകലാശാലകളും അസംഖ്യം കോളജുകളും

തെലുഗു സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ച ഇതിനൊരു മികച്ച ഉദാഹരണമാണ്. എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയ്ക്ക് ആവശ്യക്കാരേറിയപ്പോള്‍ അവിഭക്ത ആന്ധ്രാപ്രദേശില്‍ നിരവധി എന്‍ജിനീയറിങ് കോളജുകള്‍ ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂര്‍, വിശാഖപട്ടണം, തിരുപ്പതി, വാറങ്കല്‍ തുടങ്ങിയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ ഈ കോളജുകളിലെ വിവിധ കോഴ്‌സുകളില്‍ ചേര്‍ത്തു. എന്‍ജിനീയറിങ് ബിരുദമുണ്ടെങ്കില്‍ മികച്ച തൊഴില്‍ നേടാന്‍ അത് സഹായമാകുമെന്ന പ്രതീക്ഷയോടെ ആയിരുന്നു ഇത്.

ഫാര്‍മസി കോഴ്‌സുകളുടെ കാര്യവും ഇത് തന്നെയാണ്. ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂര്‍, നെല്ലൂര്‍, തുടങ്ങി വിവിധ ഇടങ്ങളില്‍ ഇതിനുള്ള കോളജുകള്‍ ഉയര്‍ന്നു വന്നു. ഔഷധ വ്യവസായം തഴച്ച് വളര്‍ന്നതോടെ അവസരങ്ങളും ഏറി. ബിഎഡ് കോളജുകളും വന്‍തോതില്‍ സ്ഥാപിതമായി. അതേസമയം മാനേജ്‌മെന്‍റ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മറ്റ് തൊഴില്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കുള്ള കോളജുകളും വന്നു. ഈ ഒരു വ്യാപനം പ്രൊഫഷണല്‍ കോളജുകളായല്ല. സര്‍വകലാശാലകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി.

പഴയ സര്‍വകലാശാലകള്‍ക്കൊപ്പം പുതിയ സംസ്ഥാന, കേന്ദ്ര, സ്വകാര്യ , കല്‍പ്പിത സര്‍വകലാശാലകളും ഉയര്‍ന്നു വന്നു. ഒരു സര്‍വകലാശാല സ്ഥാപിക്കലും ഒരു യഥാര്‍ത്ഥ സര്‍വകലാശാല കെട്ടിപ്പടുക്കുന്നതും രണ്ടാണ്. കെട്ടിടങ്ങള്‍, കോഴ്‌സുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവ കൊണ്ടു മാത്രം ഒരു സര്‍വകലാശാല നിര്‍മ്മിക്കാനാകില്ല. ഇതിന് മികച്ച അധ്യാപകരും, ഗുണനിലവാരമുള്ള ബിരുദാനന്തര വിദ്യാഭ്യാസവും പരീക്ഷണശാലകളും ഗ്രന്ഥപ്പുരകളും ഗവേഷണ, ബൗദ്ധിക സ്വാതന്ത്ര്യവും ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സംസ്‌കാരവും ഒക്കെയുണ്ടാകണം. അത് കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ വിപുലീകരണം വിദ്യാഭ്യാസ ശേഷി വര്‍ദ്ധനയാകണം. അല്ലാതെ കേവലം സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

വിദ്യാര്‍ത്ഥികള്‍ അക്കങ്ങളാകുമ്പോള്‍

ഉന്നത വിദ്യാഭ്യാസത്തിന് പണം വേണം. ജീവനക്കാര്‍ക്ക് വേതനം നല്‍കണം. പരീക്ഷണ ശാലകള്‍, വായനശാലകള്‍, ഹോസ്റ്റലുകള്‍, ഗവേഷണം, സാങ്കേതികത എന്നിവയ്ക്കെല്ലാം നിര്‍ണായകമായ നിക്ഷേപം വേണം. സാമ്പത്തികമായി ശക്തമായ ഒരു സ്ഥാപനത്തിന് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാകൂ. വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക താത്‌പര്യങ്ങളുണ്ടാകുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഒരിക്കല്‍ എന്‍ജിനീയറിങ്, ഫാര്‍മസി, ബിഎഡ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് തെലുഗു സംസ്ഥാനങ്ങളില്‍ ആവശ്യക്കാരേറെയുണ്ടായിരുന്നു. ആവശ്യത്തിന് അനുസരിച്ച് സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. വിദ്യാര്‍ത്ഥികളുടെ എണ്ണം, ഫീസ്, സീറ്റുകളുടെ ശേഷി എന്നിവ ക്രമേണ സ്ഥാപനങ്ങളുടെ പ്രകടനം കണക്കാക്കുന്നതിനുള്ള സുപ്രധാന മാനദണ്ഡങ്ങളായി.

2026 സെപ്റ്റംബര്‍ പതിനേഴിലെ സുപ്രീം കോടതി വിധി ന്യായം ഈ വിഷയത്തില്‍ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. സാമ്പത്തികം, ഫീസ്, പ്രവേശനം, അധിക ഫണ്ടുകളുടെ വിനിയോഗം, ജീവനക്കാരെ നിയമിക്കല്‍, വേതനം, യഥാര്‍ത്ഥ അധ്യാപനം, പരീക്ഷകള്‍, പരാതി പരിഹാരങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സര്‍വകലാശാലകള്‍ക്ക് മതിയായ സാമ്പത്തിക വിഭവങ്ങളുണ്ടാകണമെന്നും ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന കൃത്യമായ വേതനം നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Vice President CP Radhakrishnan poses for a group photo during the 23rd Convocation of Symbiosis International (Deemed University), in Pune on Nov 21, 2026 (ANI)

വിദ്യാര്‍ത്ഥികളുടെ എണ്ണം സ്ഥാപനങ്ങളുടെ അതിജീവനത്തിന് മുഖ്യ അടിസ്ഥാനമാക്കിയാല്‍ കുട്ടികള്‍ എന്ത് പഠിക്കും എന്ന ചോദ്യം എത്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകും എന്ന ചോദ്യത്തിന് വഴി മാറും. അത് പോലെ തന്നെ എന്ത് ഗവേഷണങ്ങളുമായി മുന്നോട്ട് പോകാനാകും എന്ന ചോദ്യം ഏത് കോഴ്‌സുകളാകും കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്നതായി മാറും. വിദ്യാര്‍ത്ഥികള്‍ ഉപഭോക്താക്കളും അധ്യാപകര്‍ സേവനദാതാക്കളും ബിരുദം ഒരു ഉത്പന്നവുമായി മാറുമെന്നതാണ് ഇതിലെ അപകടം.

ഇത് എല്ലാ സ്വകാര്യ കോളജുകള്‍ക്കും ബാധകമല്ല. തെലുഗ് സംസ്ഥാനങ്ങളില്‍ മികച്ച സ്വകാര്യ സ്ഥാപനങ്ങളുണ്ട്. അവര്‍ മികച്ച അധ്യാപകരെ നിയമിക്കുന്നു. ഗവേഷണത്തിന് നിക്ഷേപം നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ അക്കാദമിക പരിസ്ഥിതി ഒരുക്കുന്നു. സര്‍ക്കാരിന്‍റേതോ സ്വകാര്യമോ എന്നതല്ല ഇവിടെ വിഷയം മറിച്ച് ഇവരുടെ ദൗത്യത്തിന്‍റെ കേന്ദ്രബിന്ദു വിദ്യാഭ്യാസം എന്നതാകുകയാണ്. മറ്റ് സമ്മര്‍ദ്ദങ്ങള്‍ വിദ്യാഭ്യാസലക്ഷ്യത്തെ പിന്നാമ്പുറത്തേക്ക് തള്ളാന്‍ ഇടയാക്കരുത്.

സര്‍വകലാശാലകളുടെ യഥാര്‍ത്ഥ കരുത്ത് അധ്യാപകര്‍

ഹൈദരാബാദിലെ പ്രമുഖ സര്‍വകലാശാലകളായ ഒസ്‌മാനിയ, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, വാറങ്കലിലെ കാകതീയ സര്‍വകലാശാല, തിരുപ്പതിയിലെ ശ്രീവെങ്കിടേശ്വര സര്‍വകലാശാല, വിശാഖപട്ടണത്തെ ആന്ധ്രാ സര്‍വകലാശാല അവരുടെ പുഷ്‌കലകാലത്ത് ശക്തരായ അധ്യാപകരുടെയും ഗവേഷണ പാരമ്പര്യത്തിന്‍റെയും പേരില്‍ ശ്രദ്ധേയമായവയാണ്. കേവലം കെട്ടിടങ്ങളല്ല ഒരു സര്‍വകലാശാലയ്ക്ക് ദീര്‍ഘകാല വിശ്വാസ്യത നല്‍കുന്നത് മറിച്ച് അവരുടെ അധ്യാപകരുടെ ബൗദ്ധിക കരുത്താണ്.

ഒരു സര്‍വകലാശാലയുടെ യഥാര്‍ത്ഥ സ്വത്ത് അതിന്‍റെ കെട്ടിടങ്ങളല്ല. മറിച്ച് അവിടുത്തെ അധ്യാപകരാണ്. ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ദീര്‍ഘ നേരം പഠിപ്പിക്കേണ്ടി വരുന്നുവെന്ന ആശങ്കയുണ്ട്. ഇവര്‍ തന്നെ ഭരണപരമായ ജോലികളും ചെയ്യേണ്ടി വരുന്നു. കടുത്ത ജോലിഭാരം ഇവര്‍ക്ക് ഇതിലൂടെ ഏറ്റെടുക്കേണ്ടി വരുന്നു. എന്നാല്‍ കുറഞ്ഞ വേതനം മാത്രമാണ് കിട്ടുന്നത്. എല്ലാ സ്ഥാപനങ്ങളിലും ഇതല്ല സ്ഥിതി. മികച്ച രീതിയില്‍ വേതനം നല്‍കുന്ന ജോലിഭാരം കുറവുള്ള നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഈ വിഷയം നമുക്ക് അവഗണിക്കാനാകില്ല. അധ്യാപകര്‍ക്ക് ഗവേഷണത്തിനും വായനയ്ക്കും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനും പുത്തന്‍ കോഴ്‌സുകള്‍ വികസിപ്പിക്കാനും മതിയായ സമയം കിട്ടാതെ വരുമ്പോള്‍ അവരുടെ ബൗദ്ധിക വളര്‍ച്ച മുരടിക്കുന്നു. ഇതിന്‍റെ ആഘാതം ആത്യന്തികമായി കുട്ടികളിലേക്കാണ് എത്തുന്നത്.

ഒരു നല്ലഅധ്യാപകന്‍ പുത്തന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നു. ഗവേഷണവും ക്ലാസ് മുറികളില്‍ ചോദ്യങ്ങളും. അധ്യാപകര്‍ നിര്‍ദ്ദിഷ്‌ട സിലബസിലേക്ക് പരിമിതപ്പെടുമ്പോള്‍ സജീവമായ ഒരു അക്കാദമിക അന്തരീക്ഷം സൃഷ്‌ടിക്കാനാകുന്നില്ല. അത് കൊണ്ട് തന്നെ ഗുണനിലവാരം കേവലം കെട്ടിടങ്ങളുടെ കണക്കെടുത്ത് കൊണ്ട് നമുക്ക് നിര്‍ണയിക്കാനാകില്ല. അധ്യാപകരുടെ എണ്ണവും പരീക്ഷണ ശാലകളും ഇതിന് മാനദണ്ഡമല്ല. വിദ്യാര്‍ത്ഥികള്‍ ശരിക്കും പഠിക്കുന്നുണ്ടോ?അധ്യാപകര്‍ ബൗദ്ധികമായി സജീവമാണോ? ഗവേഷണങ്ങള്‍ നടക്കുന്നുണ്ടോ? അവിടെയൊരു അക്കാദമിക സംസ്‌കാരമുണ്ടോ? ഈ ചോദ്യങ്ങള്‍ കൂടി ചോദിക്കേണ്ടതുണ്ട്.

നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് സര്‍വകലാശാലകളുടെ പങ്ക്

നിര്‍മ്മിത ബുദ്ധി ഉന്നത വിദ്യാഭ്യാസത്തിന്‍റെ സ്വഭാവത്തെ തന്നെ വന്‍തോതില്‍ മാറ്റി മറിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഹൈദരാബാദില്‍ മാത്രമല്ല സൗകര്യങ്ങളുള്ളത് മറിച്ച് ചെറു പട്ടണങ്ങളിലും ഇത് ലഭ്യമാണ്. ഇവ ഓണ്‍ലൈന്‍ കോഴ്‌സുകളും നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഗ്രന്ഥപ്പുരകളും യുട്യൂബും പോഡ്‌കാസ്റ്റും നിര്‍മ്മിത ബുദ്ധി ഉപകരണങ്ങളും ലഭ്യമാണ്. നിര്‍മ്മിത ബുദ്ധിക്ക് സെക്കന്‍റുകള്‍ക്കുള്ളില്‍ ഒരു വസ്‌തുത വിശദീകരിക്കാനാകും. ഗവേഷണ പ്രബന്ധങ്ങളുടെ രത്നച്ചുരുക്കം നല്‍കാനും എന്തിനേറെ നിയമങ്ങള്‍ എഴുതി നല്‍കാന്‍ പോലും. സര്‍വകലാശാല മാത്രമല്ല വിവരങ്ങളുടെ ഉറവിടമെന്നര്‍ത്ഥം. പക്ഷേ ഇതിന്‍റെ പ്രാധാന്യം ഇല്ലാതായിട്ടോ കുറഞ്ഞിട്ടോയില്ല.

കേവലം വിവരങ്ങള്‍ നല്‍കുന്നതിനുമപ്പുറം കുട്ടികളെ എങ്ങനെ ചിന്തിക്കാമെന്ന് സര്‍വകലാശാലകള്‍ പഠിപ്പിക്കണം. തെളിവുകള്‍ പരിശോധിക്കുക, ചോദ്യങ്ങളുയര്‍ത്തുക, വിശകലനം ചെയ്യുക സ്വതന്ത്ര തീരുമാനങ്ങളെടുക്കുക എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ വിശ്വാസ്യയോഗ്യമായ വിവരങ്ങളും തെറ്റായ വിവരങ്ങളും തമ്മില്‍ വ്യവച്ഛേദിക്കാന്‍ പഠിക്കണം. നിര്‍മ്മിത ബുദ്ധിയെ തടയുകയല്ല മറുപടി. മാനുഷിക തിരിച്ചറിവും സര്‍ഗാത്മകതയും തീരുമാനമെടുക്കലുമൊക്കെ ഉപയോഗിച്ച് കൊണ്ട് ഇതിനെ ഉപയോഗിക്കുകയാണ് വേണ്ടത്.

തൊഴില്‍ നേടാന്‍ നിശ്ചയമായും വിദ്യാഭ്യാസം ആവശ്യമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം അവിടെ അവസാനിക്കുന്നില്ല. സര്‍വകലാശാലകള്‍ സ്വതന്ത്രരായി ചിന്തിക്കാനാകുന്നവരെ സൃഷ്‌ടിക്കണം. ധാര്‍മ്മിക തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്‌തരാക്കണം. സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിച്ച് കൊണ്ട് സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കണം.

മുന്നിലുണ്ടാകേണ്ട ലക്ഷ്യം ഗുണനിലവാരം

നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. തെലങ്കാനയ്ക്ക് ഹൈദരാബാദിനുമപ്പുറം ഗുണമേന്‍മയുള്ള ഉന്നത വിദ്യാഭ്യാസ അവസരങ്ങളുണ്ടാകണം. ആന്ധ്രാപ്രദേശില്‍ കേവലം അമരാവതിക്കുമപ്പുറം റായലസീമയിലും വടക്കന്‍ ആന്ധ്രയിലും അവസരങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇപ്പോള്‍ മുതല്‍ ഈ വിപുലീകരണത്തോടൊപ്പം ഗുണനിലവാരവും ഉറപ്പാക്കണം. ഇതിന് നിരവധി വ്യക്തമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.

1. സ്ഥാപനങ്ങളുടെ എണ്ണത്തിനുമപ്പുറം പഠന ഫലങ്ങള്‍ കണക്കാക്കുക. എത്ര കോഴ്‌സുകളുണ്ടെന്നതോ എത്ര കുട്ടികള്‍ പ്രവേശനം നേടിയെന്നതിനോ അപ്പുറം കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ എന്ത് പഠിച്ചെന്നും അവരുടെ വിജ്ഞാനം, നൈപുണ്യം, ചിന്തിക്കാനുള്ള കഴിവ് വികസിക്കല്‍ തുടങ്ങിയവ എത്രമാത്രമാണെന്നും നിരന്തരം വിലയിരുത്തുക.

2. പഠനം അധ്യാപക കേന്ദ്രീകൃതമാകുക. അധ്യാപകരെ നിയമിക്കുമ്പോള്‍ യോഗ്യതകള്‍ക്കുമപ്പുറം അധ്യാപന-ഗവേഷണ ശേഷികള്‍ക്ക് മുന്‍ഗണന നല്‍കുക. കൃത്യമായ വേതനം, തൊഴില്‍ സുരക്ഷ, ഗവേഷണത്തിനും നിരന്തര തൊഴില്‍ വികസനത്തിനുമുള്ള അവസരമൊരുക്കുക എന്നിവ ഗുണനിലവാരത്തിന്‍റെ ഭാഗമാക്കുക.

3. ഗവേഷണം സര്‍വകലാശാലകളുടെ അനിവാര്യമായ ഉത്തരവാദിത്തമാക്കുക. എല്ലാ സര്‍വകലാശാലകളും എല്ലാ രംഗത്തും ലോകോത്തര ഗവേഷണങ്ങള്‍ നടത്തണമെന്നില്ല. എന്നാല്‍ എല്ലാ സര്‍വകലാശാലകളും സാമൂഹ്യ – പ്രാദേശിക ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന വാണിജ്യ, കാര്‍ഷിക, ആരോഗ്യ മേഖലകളിലടക്കം ഉപയോഗപ്രദമായ ഗവേഷണങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുക. ബിരുദാനന്തരപഠനം, ഗവേഷണം, അധ്യാപനം എന്നിവ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

4. അക്രെഡിറ്റേഷനും ഗുണനിലവാര പരിശോധനയും ഫലത്തില്‍ ഊന്നിയുള്ളതാക്കുക. കേവലം അടിസ്ഥാന സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, കെട്ടിടങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും പകരം ക്ലാസ്‌മുറി പഠനത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുക. പരീക്ഷണ ശാലകളുടെ യഥാര്‍ത്ഥ ഉപയോഗം, അധ്യാപക ഗവേഷണം വിദ്യാര്‍ത്ഥികള്‍ എന്ത് പഠിച്ചു എന്നിവയും പരിശോധിക്കേണ്ടതുണ്ട്.

5. സ്വകാര്യ സ്ഥാപനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുക. വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന ഫീസ്, മറ്റ് ചാര്‍ജുകള്‍ , അധ്യാപക നിയമനം വേതനം അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ എന്നീ വിവരങ്ങള്‍ കൃത്യമായി പുറത്ത് വിടുക. സാമ്പത്തിക സുസ്ഥിരതയും അത്യാവശ്യമാണ്. ഇത് പക്ഷേ വിദ്യാഭ്യാസ ദൗത്യത്തിന് മേല്‍ കരിനിഴലാകരുത്.

6.നിര്‍മ്മിത ബുദ്ധിയുടെ കാലത്തിന് അനുയോജ്യമായി പരീക്ഷാ പദ്ധതികള്‍ പരിഷ്‌ക്കരിക്കുക. കേവലം ഓര്‍മ്മശക്തി പരിശോധനയ്ക്ക് അപ്പുറം പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, അവലോകനം, പ്രായോഗിക വിജ്ഞാനം, പ്രോജക്‌ടുകള്‍, ചര്‍ച്ചകള്‍, സ്വതന്ത്ര ചിന്ത എന്നിവയ്ക്ക് വിശാലമായ ഊന്നല്‍ നല്‍കുക.

7. ഓരോ സര്‍വകലാശാലയും അവരുടെ സാമൂഹ്യ ഉത്തരവാദിത്തം വ്യക്തമായി നിര്‍വചിക്കുക. പ്രാദേശിക വിഷയങ്ങളില്‍ ഗവേഷണം, വ്യവസായ ബന്ധം, ഗ്രാമീണ മേഖലയ്ക്ക് സാങ്കേതിക സഹായം, വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ഉത്തരവാദിത്ത വികസനം എന്നിവ സര്‍വകലാശാല വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുക.

8. ഗുണനിലവാരം കേവലം സര്‍ക്കാര്‍ പരിശോധന നടപടികള്‍ക്ക് അപ്പുറം ആഭ്യന്തര സ്ഥാപന സംസ്‌കാരമാക്കുക. ഓരോ സ്ഥാപനവും അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവയില്‍ നിരന്തര അക്കാദമിക പുനപ്പരിശോധന നടത്തുക.

അത്യന്തികമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന്‍റെ ലക്ഷ്യം കൂടുതല്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കല്‍ അല്ല. മറിച്ച് മികച്ച വിദ്യാഭ്യാസം നല്‍കലാണ്. മൂന്നോ നാലോ കൊല്ലത്തെ പഠനത്തിന് ശേഷം ഒരു വിദ്യാര്‍ത്ഥി വിശാലമായ അറിവ്, ജിജ്ഞാസ, ശേഷി, സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് എന്നിവ നേടിയോ എന്ന് പരിശോധിക്കലാണ്.

ഇന്ത്യ ഇതിനകം തന്നെ വലിയ ഉന്നത വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളല്ല നമുക്ക് ആവശ്യം. ഗുണനിലവാരം കേന്ദ്ര ദൗത്യമാക്കിയ സ്ഥാപനങ്ങളാണ് നാം സൃഷ്‌ടിക്കേണ്ടത്.നമുക്ക് കേവലം കൂടുതല്‍ ബിരുദധാരികളെയല്ല ആവശ്യം. നന്നായി വിദ്യാഭ്യാസമുള്ള, സ്വതന്ത്ര ചിന്താഗതിയുള്ള ഉത്തരവാദിത്തമുള്ള മനുഷ്യരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here