സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വൻ മാറ്റം;

0
7

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പൊതുപരീക്ഷാ ഘടനയിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ ബോർഡ് (സിബിഎസ്‌ഇ). ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ പ്രധാന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ പോലും വിദ്യാർഥികൾക്ക് പരീക്ഷ ജയിക്കാൻ സഹായിക്കുന്ന പുതിയ സ്കീം ബോർഡ് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി.

2028-ലെ പത്താം ക്ലാസ് ബാച്ചിന് ബാധകം

നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ഈ മാറ്റം ബാധിക്കില്ല. 2026-27 അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന, 2028-ൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. കുട്ടികൾക്ക് പരീക്ഷാപ്പേടി ഒഴിവാക്കി അർത്ഥവത്തായ പഠനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

“കേവലം പരീക്ഷകളിൽ മാർക്ക് വാങ്ങുക എന്നതിലുപരി, കുട്ടികൾ കൂടുതൽ അർഥവത്തായ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്,” പുതിയ മാറ്റത്തോടെ പ്രധാന അഞ്ച് വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റ് വിഷയങ്ങൾ പരീക്ഷാ സമ്മർദമില്ലാതെ പഠിക്കാനും കുട്ടികൾക്ക് സാധിക്കുമെന്ന് അധികൃതർ പ്രതികരിച്ചു.

വിജയ ഫോർമുല ഇങ്ങനെ…

പുതിയ സ്കീം അനുസരിച്ച് വിദ്യാർഥികൾക്ക് അഞ്ച് നിർബന്ധിത വിഷയങ്ങൾക്ക് പുറമെ ഒരു അഡീഷണൽ സ്കിൽ പേപ്പർ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. പ്രധാന അഞ്ച് വിഷയങ്ങളിൽ (രണ്ട് ഭാഷകൾ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ്) ഏതെങ്കിലും ഒന്നിൽ തോറ്റാൽ, പകരം ഈ സ്കിൽ സബ്ജക്റ്റിലെ മാർക്ക് ഉൾപ്പെടുത്തി വിദ്യാർഥിക്ക് പരീക്ഷ ജയിക്കാൻ സാധിക്കും.

കരിക്കുലത്തിലെ പ്രധാന മാറ്റങ്ങൾ

നിർബന്ധിത വിഷയങ്ങൾ

രണ്ട് ഭാഷകൾ, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയാണ് അഞ്ച് പ്രധാന നിർബന്ധിത ബോർഡ് പരീക്ഷാ വിഷയങ്ങൾ. എന്നാൽ മൂന്നാം ഭാഷ, ആർട്ട് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, വൊക്കേഷണൽ എജ്യുക്കേഷൻ എന്നിവ ഉൾപ്പെടെ ഒൻപത് കരിക്കുലം വിഷയങ്ങൾ വിദ്യാർഥികൾ പഠിക്കേണ്ടതുണ്ട്. ഇൻ്റർ ഡിസിപ്ലിനറി ഏരിയയിലെ ‘ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി’, ‘കമ്പ്യൂട്ടേഷണൽ തിങ്കിംഗ് ആൻ്റ്‌ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (CT & AI)’ മോഡ്യൂളുകൾ ഒൻപതാം ക്ലാസ് കരിക്കുലത്തിൽ നിന്നും, ‘എൻവയോൺമെൻ്റൽ എജ്യുക്കേഷൻ’ പത്താം ക്ലാസ് കരിക്കുലത്തിൽ നിന്നും ഒഴിവാക്കി. വൊക്കേഷണൽ എജ്യുക്കേഷൻ (തൊഴിലധിഷ്ഠിത വിദ്യാഭ്യാസം) നിർബന്ധിത പഠനമേഖലയായി തുടരും. വിദ്യാർഥികൾക്ക് ഇതിനായി രണ്ട് വഴികൾ തെരഞ്ഞെടുക്കാം.

കൗശൽ വികാസ്: ഇത് തിരഞ്ഞെടുക്കുന്നവർക്ക് സ്കൂൾ തലത്തിൽ ആഭ്യന്തര മൂല്യനിർണയം മാത്രമായിരിക്കും ഉണ്ടാകുക. 33 ശതമാനം മാർക്ക് നേടിയാൽ സ്കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും. ബോർഡ് പരീക്ഷ എഴുതേണ്ടതില്ല.

22 സ്കിൽ സബ്ജക്റ്റുകൾ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, ഐടി, ഫിനാൻഷ്യൽ മാർക്കറ്റ്സ്, ഹെൽത്ത് കെയർ തുടങ്ങിയ 22 അംഗീകൃത വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. ഇവർ പത്താം ക്ലാസിൽ ബോർഡ് പരീക്ഷ എഴുതേണ്ടതുണ്ട്. ജയിക്കുന്നവർക്ക് ദേശീയ അംഗീകാരമുള്ള NSQF സർട്ടിഫിക്കറ്റും അതോടൊപ്പം ഈ മാർക്ക് മെയിൻ മാർക്ക്ഷീറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. വിദ്യാർഥികളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കുന്നതിനും കരിയർ അധിഷ്ഠിത കഴിവുകൾ വളർത്തുന്നതിനും വേണ്ടിയാണ് മാറ്റങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അക്കാദമിക്സ് ഡയറക്ടർ പ്രജ്ഞാ എം. സിങ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here