കേന്ദ്ര സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിങിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള സഹമന്ത്രി ഡോക്ടർ ജിതേന്ദ്ര സിങ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടു നടത്തിയ ചർച്ചയ്ക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൻ്റെ മലയാളം പരിഭാഷ.
അല്പ സമയം മുമ്പ്, കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖാർഗെയും അതോടൊപ്പം ശ്രീ രാഹുൽ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും അപ്രതീക്ഷിതമായി അക്ബർ റോഡിന് സമീപം തങ്ങളുടെ അനുയായികൾക്കൊപ്പം ധർണയിരുന്നതായി അറിയാൻ കഴിഞ്ഞു. ഈ മുതിർന്ന സംഘത്തിന്റെ അന്തസ്സ് മുൻനിർത്തി, ഈ നേതാക്കളുമായി ചർച്ച നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്നെയും എന്നോടൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹനെയും നേരിട്ട് സംഭവസ്ഥലത്തേക്ക് അയക്കുകയുണ്ടായി. ഈ സ്ഥലം ധർണ നടത്താനുള്ള ഇടമല്ലെന്നും, ഇവിടെ ധർണ നടത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കാൻ ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു. NEET വിഷയത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെക്കുറിച്ചും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെങ്കിൽ ധർണ ഉടൻ അവസാനിപ്പിക്കാമെന്ന ആവശ്യം ശ്രീ രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സർക്കാരിന്റെ ഉന്നത നേതൃത്വത്തിന്റെ അനുമതി വാങ്ങി, അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചതായും NEET വിഷയത്തിലും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും ശ്രീ രാഹുൽ ഗാന്ധിക്ക് ഉറപ്പു നൽകി.
എന്നാൽ ഈ വിവരം അറിയിച്ചപ്പോൾ, താൻ ഇതിൽ മാത്രം തൃപ്തനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി ഉറപ്പുനൽകണമെന്നും ശ്രീ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിലെ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും – ഇങ്ങനെ രണ്ട് ആവശ്യങ്ങളാണ് ഇപ്പോൾ തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ചർച്ച മാത്രം മതിയെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തെപ്പോലൊരു മുതിർന്ന നേതാവ് ഇത്ര വേഗത്തിൽ വാക്കുമാറുന്നത് ശോഭനമല്ലെന്ന് വിനയപൂർവ്വം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ, അത് തന്റെ ഇഷ്ടമാണെന്ന് അദ്ദേഹം മറുപടി നൽകി. ധർണയിരിക്കാൻ ഈ സ്ഥലം അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കാൻ ശ്രമിച്ചപ്പോഴും, താൻ എവിടെ ഇരിക്കണമെന്നത് തന്റെ മാത്രം ഇഷ്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീ രാഹുൽ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി സ്വന്തം വാക്കിൽ നിന്ന് പിന്നോട്ടുപോകുന്നത് നിർഭാഗ്യകരവും ജനാധിപത്യത്തിന്റെ എല്ലാ മര്യാദകൾക്കും വിരുദ്ധവുമാണ്. NEET പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. നേരെമറിച്ച്, ഇത്രയും ഗൗരവമേറിയ വിഷയത്തിൽ നിയമപ്രകാരമുള്ള ഔദ്യോഗിക ചർച്ചയ്ക്കായി കോൺഗ്രസ് പാർട്ടി ഇതുവരെ നോട്ടീസ് ഒന്നും നൽകിയിട്ടില്ല. ശ്രീ രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ജനാധിപത്യ തത്വങ്ങൾക്ക് നിരക്കുന്നതല്ല.






