കൊച്ചി മെട്രോയിൽ വൻ സുരക്ഷാവീഴ്‌ച;

0
3

എറണാകുളം : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (KMRL) കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം സുപ്രധാന രേഖകൾ അജ്ഞാതമായി ചോർന്ന സംഭവത്തിൽ കളമശ്ശേരി മെട്രോ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന കെ എം ആർ എൽ ആസ്ഥാനത്തെ കമ്പ്യൂട്ടറുകളിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

സ്ഥാപനത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ, ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ അടങ്ങിയ ഫയലുകൾ ചോർത്തിയെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി സംശയിക്കുന്നുണ്ട്. കമ്പനിയുടെ സുരക്ഷയ്ക്കും ജീവനക്കാരുടെ സ്വകാര്യതയ്ക്കും ഭീഷണിയായ ഗുരുതര സംഭവത്തിൽ കെ എം ആർ എൽ അധികൃതർ നേരിട്ട് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

രേഖ ചോർച്ച സ്ഥിരീകരിച്ച് ജില്ലാ കലക്‌ടർ

കെ എം ആർ എല്ലിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കലക്‌ടർ ജി പ്രിയങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഫീസിൽ നിന്ന് എടുക്കുന്ന ഫോട്ടോകോപ്പികളുടെ പകർപ്പുകൾ അജ്ഞാത ഇ മെയിൽ വിലാസത്തിലേക്ക് ഓട്ടോമാറ്റിക്കായി അയക്കപ്പെടുന്ന രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കലക്‌ടർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ലഭിച്ച വിവിധ പരാതികളിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.

അതേസമയം, സ്ഥാപനത്തിൻ്റെ തന്ത്രപ്രധാനമായ രേഖകളൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും വിവരങ്ങൾ നിയന്ത്രണവിധേയമാണെന്നുമാണ് കെ എം ആർ എൽ അധികൃതർ നൽകുന്ന വിശദീകരണം. ബാഹ്യ സൈബർ ആക്രമണമാണോ അതോ ജീവനക്കാർക്കിടയിലെ ആഭ്യന്തര ഭിന്നതയെ തുടർന്ന് വിവരങ്ങൾ ഉള്ളിൽ നിന്ന് ചോർത്തിയതാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. ജീവനക്കാർക്കിടയിലെ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണോ ഇതിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പൊലീസിൻ്റെ സൈബർ വിഭാഗം കെ എം ആർ എൽ ഓഫീസിലെ ടെക്‌നിക്കൽ സിസ്റ്റങ്ങളും കമ്പ്യൂട്ടറുകളും ഉപകരണങ്ങളും നേരിട്ട് പരിശോധിക്കും. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്‌ധർ, കരാർ ജീവനക്കാർ എന്നിവരിൽ നിന്ന് വരും ദിവസങ്ങളിൽ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസിലെ കമ്പ്യൂട്ടറുകളിൽ നിന്ന് സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെ വിവരങ്ങളും അടങ്ങുന്ന രേഖകൾ ചോർന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കളക്‌ലറുടെ സ്ഥിരീകരണവും രേഖകൾ അജ്ഞാത ഇ മെയിലുകളിലേക്ക് അയക്കപ്പെടുന്ന രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്‌ടർ സ്ഥിരീകരിച്ചതോടെ കളമശ്ശേരി മെട്രോ പൊലീസ് കേസ് എടുത്ത് സമഗ്ര അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here