ഇന്നുമുതൽ മൂന്നു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത;

0
2

കാസർകോട്: ചൂടിന് ആശ്വാസമായി മൂന്ന് ദിവസം ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. ഇന്ന് പാലക്കാട്‌, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിലും 16 ന് കണ്ണൂർ, കോഴിക്കോട്,വയനാട്,ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്.

ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 14/09/2026 മുതൽ 16/09/2026 വരെയുള്ള തീയ്യതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എട്ടു വർഷത്തിനിടെ ഏറ്റവും കൂടിയ താപനില

എട്ട് വർഷത്തിനിടയിൽ സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടിയ താപനില ഞായറാഴ്‌ച രേഖപ്പെടുത്തിയിരുന്നു . പുനലൂരിൽ ആണ് 36.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. 2018 ലും 2024 ലും 36.2 താപനില രേഖപ്പെടുത്തിയിരുന്നു. അന്ന് ന്യൂട്രൽ പ്രതിഭാസത്തിൻ്റെ സ്വാധീനത്തിൽ പുനലൂരിലും വെള്ളാനിക്കരയിലുമാണ് 36.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.

2015 ൽ എൽനിനോ പ്രതിഭാസത്തെ തുടർന്ന് 36.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. വേനൽ കാലത്തെ ചൂടാണ് അന്ന് രേഖപ്പെടുത്തിയത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

അപകടകാരികളായ ഇടിമിന്നലുകൾ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്. ഇതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. സുരക്ഷിതമായ ഒരിടത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും നിൽക്കുന്നതും കുട്ടികൾ ഉൾപ്പെടെ അവിടെ കളിക്കുന്നതും ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിൽക്കുന്നതായിരിക്കും നിങ്ങളുടെ സുരക്ഷക്ക് നല്ലത്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. കാരണം പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിൻ്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • ഇടിമിന്നലുള്ള സമയത്ത്‌ പട്ടം പറത്തുന്നത് ഒഴിവാക്കുക. ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നതും അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. എന്നാൽ അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • ഇടിമിന്നലിൻ്റെ സമയത്ത് തുറസായ സ്ഥലത്ത് നിന്ന് മാറാന്‍ സാധിക്കാത്ത വിധത്തിലാണ് നിങ്ങളെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്‌ടർ ഘടിപ്പിക്കാം.
  • മിന്നലിൻ്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്‌ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്‌തേക്കാം. മിന്നലാഘാതം ഏറ്റ ആളിൻ്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന കാര്യം മനസിലാക്കുക. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here